സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രധാനി സുഫിയാന്‍ കീഴടങ്ങി
നേരത്തെ കോഫപോസ കേസിലടക്കം ജയിലിൽ കിടന്ന വ്യക്തിയാണ് സുഫിയാൻ
കരിപ്പൂര്‍ സ്വർണക്കവര്‍ച്ച കേസിലെ പ്രധാന ആസൂത്രകനെന്ന് പൊലീസ് സംശയിക്കുന്ന സുഫിയാന്‍ കീഴടങ്ങി. കൊണ്ടോട്ടി പോലീസ് സ്റ്റേഷനിലാണ് സുഫിയാൻ കീഴടങ്ങിയത്. സുഫിയാന്‍ കൊടുവള്ളി സംഘത്തിലെ പ്രധാനിയെന്നാണ് പൊലീസ് നിഗമനം.
രാമനാട്ടുകര സ്വർണകവർച്ചാശ്രമം അന്വേഷിക്കുന്ന സംഘം സുഫിയാനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ചെർപുളശ്ശേരിയിൽ നിന്നും പിടിയിലായ സംഘത്തിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ സ്വർണ കവർച്ചക്ക് പിന്നിലെ മുഖ്യ ആസൂത്രകൻ സുഫിയാനാണെന്നാണ് പൊലീസ് പറയുന്നത്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയ ഘട്ടത്തിലാണ് പൊലീസിൽ കീഴടങ്ങുന്നത്. കൊടുവള്ളി വാവാട് സ്വദേശിയാണ് സുഫിയാൻ.
നേരത്തെ കോഫപോസ കേസിലടക്കം ജയിലിൽ കിടന്ന വ്യക്തിയാണ് സുഫിയാൻ. സുഫിയാൻ പിടിയാകുന്നതോടെ സ്വർണക്കവർച്ച കേസിൽ നിർണായക വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.
അതിനിടെ, രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ ഡി.വൈ.എഫ്.ഐ മുന്‍ നേതാവായ സജേഷ് ചോദ്യം ചെയ്യലിനായി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷ് എന്നാണ് കസ്റ്റംസ് പറയുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഷെഫീഖിനെയും അര്‍ജുന്‍ ആയങ്കിയെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. ദുബൈയില്‍ നിന്നും വരുന്ന ദിവസം അര്‍ജുന്‍ പല തവണ വിളിച്ചിരുന്നുവെന്ന് ഷഫീഖ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. ഇന്നലെ രാത്രിയാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തത്.