ഒമിക്രോൺ; നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി. മാർഗനിർദേശത്തിൽ പറയുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവരെ കൂടുതൽ നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് സംസ്ഥാനത്തെത്തിയാൽ വീണ്ടും ആർടിപിസിആർ ടെസ്റ്റ് നടത്തുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. യാത്രക്ക് 48 മണിക്കൂർ മുമ്പ് ഇവർ ആർടിപിസിആർ നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് നാട്ടിലും ടെസ്റ്റ് നടത്തുക.
ദക്ഷിണാഫ്രിക്കയിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. പുതിയ വൈറസ് ഭീതിയുയർത്തിയതോടെ ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, നമീബിയ, സിംബാവെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് യൂറോപ്യൻ യൂണിയനും യു.എസ്, ബ്രിട്ടൻ, സിംഗപ്പൂർ, ജപ്പാൻ, നെതർലൻഡ്‌സ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിലക്കേർപ്പെടുത്തിയിരുന്നു.