കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത് വിശദമായ അന്വേഷണത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി
ആരോഗ്യവകുപ്പ് ഡയറകടറാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിച്ചത്. ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായി കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ട് ഡോ. കെ.സി രമേശനെ സസ്‌പെൻഡ് ചെയ്തത് വിശദമായ അന്വേഷണത്തിന് ശേഷമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട രോഗി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് സസ്‌പെൻഷൻ.
ഇതിന് മുമ്പും ഇവിടെനിന്ന് ആളുകൾ ചാടിപ്പോയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയാണ് നടപടി സ്വീകരിച്ചത്. പുതിയ സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വകുപ്പിലെ പ്രശ്‌നങ്ങൾ അറിയിക്കുന്നതിലടക്കം സൂപ്രണ്ടിന് വീഴ്ച പറ്റിയിട്ടുണ്ട്. കെജിഎംഒഎ പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറകടറാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാവീഴ്ചയെക്കുറിച്ച് അന്വേഷിച്ചത്. ഈ റിപ്പോർട്ടിൽ സൂപ്രണ്ടിന്റെ ഭാഗത്തുനിന്ന് ഗുരുതര കൃത്യവിലോപം നടന്നതായി കണ്ടെത്തിയിരുന്നു. ആശുപത്രിയിൽ തുടർച്ചയായുണ്ടാവുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ അനാസ്ഥ കാണിക്കുന്ന സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും റിപ്പോർട്ടിൽ ശിപാർശയുണ്ടായിരുന്നു.