ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ് വല്യത്താൻ അന്തരിച്ചു

ഹൃദയ ശസ്ത്രക്രിയ രം​ഗത്ത് നിർണായക സംഭാവനകൾ നൽകി

Update: 2024-07-18 03:09 GMT
Advertising

തിരുവനന്തപുരം: ലോകപ്രശസ്ത ഹൃദയ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. എം.എസ് വല്യത്താൻ (90) അന്തരിച്ചു. മണിപ്പാലിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മാവേലിക്കര സ്വദേശിയാണ്.

ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡൻ്റും ഇന്ത്യാ ഗവൺമെൻ്റിൻ്റെ നാഷണൽ റിസർച്ച് പ്രൊഫസറുമായിരുന്നു. ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഫാക്കൽറ്റിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ശ്രീ ചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയുടെ ഡയറക്ടർ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചു. തുടർന്ന് 1994 ൽ മണിപ്പാൽ സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലറായി.

ഇന്ത്യയിലെ ആരോഗ്യ സാങ്കേതിക വിദ്യയ്ക്ക് നൽകിയ സംഭാവനകൾക്ക് 2005ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു. 1999-ൽ ഫ്രഞ്ച് ഗവൺമെൻ്റ് നൽകിയ ഓർഡ്രെ ഡെസ് പാംസ് അക്കാഡെമിക്സ് ബഹുമതി (Ordre des Palmes Academiques) അദ്ദേഹത്തെ ഷെവലിയർ ആക്കി. അന്താരാഷ്‌ട്ര മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള അദ്ദേഹത്തിൻ്റെ സംഭാവനകൾക്ക് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി മെഡിക്കൽ സ്‌കൂളിൽ നിന്ന് 2009-ൽ ഡോ. സാമുവൽ പി. ആസ്പർ ഇൻ്റർനാഷണൽ അവാർഡ് ലഭിച്ചു. ഭാര്യ: അഷിമ. മന്നാ, മനീഷ് എന്നിവരാണ് മക്കൾ.

ഇദ്ദേഹത്തിന്‍റെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. വൈദ്യശാസ്ത്ര ലോകത്തിന് കേരളം നൽകിയ മഹത്തായ സംഭാവനയാണ് ഡോ. എം എസ് വല്യത്താനെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News