കനത്ത ചൂട് അഞ്ച് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്
ഇന്നലെ കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സമാന കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്നലെ കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 39 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ജാഗ്രതാ നിർദേശം.
സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരില്ലെന്നാണ് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. പ്രവചനം തെറ്റിച്ച് പലയിടങ്ങളിലും ചൂട് ഒറ്റയടിക്ക് നാല് ഡിഗ്രി വരെ വര്‍ധിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഇത്തവണ മാര്‍ച്ച് ആദ്യവാരമെത്തിയത്.
37 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ഥിതി ആശങ്കയിലാകും. കൂടുതല്‍ ദിവസം കനത്ത ചൂട് നിലനിന്നാല്‍ ഉഷ്ണതരംഗത്തിന് വരെ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.