മലവെള്ളത്തിൽ മുങ്ങി കൂട്ടിക്കൽ; ദുരന്തം ബാക്കിയാക്കിയത് കോടികളുടെ നഷ്ടം
ഉരുള്‍പൊട്ടലിലും പേമാരിയിലും ടൗണിൽ പത്തടി പൊക്കത്തിലാണ് വെള്ളം നിറഞ്ഞൊഴുകിയത്. കടകളിലെല്ലാം കട്ടച്ചെളി നിറഞ്ഞിരിക്കുകയാണ്
ഇടുക്കി ജില്ലയോട് ചേർന്ന കോട്ടയത്തെ മലയോര ഗ്രാമമാണ് കൂട്ടിക്കൽ. ശനിയാഴ്ചയുണ്ടായ കനത്ത പേമാരിയിലും ഉരുൾപൊട്ടലിലും നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാണ് ഗ്രാമത്തിൽ ബാക്കിയാക്കിയത്. കൂട്ടിക്കൽ ടൗണിൽനിന്ന് വെള്ളം ഇറങ്ങിയതോടെ ശുചീകരണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. എന്നാല്‍, കോടികളുടെ നാശനഷ്ടങ്ങളുടെ ആഘാതത്തില്‍നിന്ന് എങ്ങനെ കരകയറുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് നാട്ടുകാര്‍.
ടൗണിൽ പത്തടി പൊക്കത്തിലാണ് മലവെള്ളം നിറഞ്ഞൊഴുകിയത്. കടകളിലെല്ലാം കട്ടച്ചെളി നിറഞ്ഞിരിക്കുകയാണ്. എസ്ബിഐ ബ്രാഞ്ചടങ്ങുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്കു മുകളിൽ വെള്ളം കെട്ടിനിന്നിരുന്നു. എടിഎമ്മിലും വെള്ളം കയറി നശിച്ചിട്ടുണ്ട്.
പലചരക്ക് കടകൾ മുതൽ നിത്യോപയോഗ വസ്തുക്കൾ വിൽക്കുന്ന കടകളും ഫർണിച്ചർ, വസ്ത്ര, ഗൃഹോപകരണ ഷോപ്പുകളിലടക്കം മലവെള്ളപ്പാച്ചിലിൽ ചെളിയടിഞ്ഞിരിക്കുകയാണ്. എസി അടക്കമുള്ള വിലപിടിപ്പുള്ള വസ്തുക്കളും പാടേ തകർന്നിട്ടുണ്ട്. ലക്ഷങ്ങളുടെ നഷ്ടമാണ് തനിക്കുണ്ടായതെന്ന് ഒരു പലചരക്ക് കച്ചവടക്കാരൻ മീഡിയവണ്ണിനോട് പറഞ്ഞു. ടൗണിൽ മൊത്തത്തിൽ കോടികളുടെ നാശനഷ്ടമുണ്ടായതായി വ്യാപാരികൾ പറയുന്നു.
കണക്കുകൂട്ടൽ തെറ്റിച്ച പേമാരിയും ഉരുൾപൊട്ടലും
ശനിയാഴ്ച രാവിലെയാണ് കൂട്ടിക്കലിൽ മഴ കനക്കുന്നത്. എന്നാൽ, സാധാരണ ഇത്തരം സാഹചര്യങ്ങളിൽ ചെറിയ തോതിൽ ഉരുൾപൊട്ടലുണ്ടാകാറുണ്ടെങ്കിലും കൈത്തോടുകൾ വഴി ഇതെല്ലാം ഒഴുകിപ്പോകുമെന്ന വിശ്വാസത്തിലായിരുന്നു നാട്ടുകാർ. എന്നാൽ, നാട്ടുകാരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചായിരുന്നു കനത്ത പേമാരി പെയ്തിറങ്ങിയത്. പിന്നാലെ, ശക്തമായ ഉരുൾപൊട്ടലും.
ഗ്രാമത്തിലെ പല പ്രദേശങ്ങളിലും ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. ഇതോടെ ഗ്രാമത്തിലൂടെ ഒഴുകുന്ന പുല്ലകയാർ നിറഞ്ഞുകവിയുകയും കൂട്ടിക്കൽ ടൗൺ വെള്ളത്തിൽ മുങ്ങുകയും ചെയ്തു. ഇതോടെ മിക്ക ആളുകളും കിട്ടിയതല്ലൊമെടുത്ത് ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെടുകയായിരുന്നു.
കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലാണ് ഏറ്റവും വലിയ ദുരന്തം റിപ്പോർട്ട് ചെയ്തത്. രണ്ടിടത്തുമായി ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി 10 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കാവാലിയിൽ ഒരു കുടുംബത്തിലെ ആറുപേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കാവാലി മാർട്ടിന്റെ കുടുംബമൊന്നാകെയാണ് മലവെള്ളത്തില്‍ ഒലിച്ചുപോയത്.