ശക്തമായ കടല്‍ ക്ഷോഭം: വിവിധയിടങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നു, കൊല്ലത്ത് 6 കപ്പലുകള്‍ നങ്കൂരമിട്ടു

ചെല്ലാനത്തും പൊന്നാനിയിലും കുട്ടനാട്ടിലും വീടുകളില്‍ വെള്ളം കയറി

Update: 2021-05-14 08:44 GMT
Advertising

അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം തീവ്രന്യൂനമർദമായി. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുകയാണ്. ആലപ്പുഴ മുതൽ വയനാട് വരെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ചെല്ലാനത്ത് ഇന്നലെ മുതൽ തുടങ്ങിയ കടലാക്രമണം രൂക്ഷമായി തുടരുന്നു. നിരവധി വീടുകളിൽ വെള്ളം കയറി. ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 56 ശതമാനം ആണെന്നതും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാണ്.

ശക്തമായ കടൽ ക്ഷോഭത്തിൽ പൊന്നാനിയിൽ പരക്കെ നാശനഷ്ടമുണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. വെളിയങ്കോട് ഫിഷറീസ് സ്കൂളിൽ താൽക്കാലിക ക്യാംപ് സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും മാറ്റിപാർപ്പിച്ചിട്ടില്ല. കൊല്ലത്ത് രാവിലെ മുതൽ ശക്തമായ മഴ പെയ്യുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ 6 കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. ജില്ലയിൽ കടലാക്രമണ ഭീഷണിയും നേരിടുന്നുണ്ട്.

കനത്ത മഴയിൽ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നു. കാവാലം മാണിക്യ മംഗലം പാടശേഖരത്തിൽ മട വീണു. മഴ കനത്തതോടെ നെല്ല് സംഭരണം അവതാളത്തിൽ ആകുമോ എന്ന ആശങ്ക കർഷകർക്കുണ്ട്. അധികജലം ഒഴുക്കി വിടാൻ തണ്ണീർമുക്കം ബണ്ടിന്റെ 30 ഷട്ടറുകൾ തുറന്നു. തോട്ടപ്പള്ളി സ്പിൽവെ പൊഴി മുറിക്കുന്നതിന്റെ ജോലികൾ പുരോഗമിക്കുകയാണ്. അതേസമയം ജില്ലയുടെ തീരമേഖലയിൽ കടലേറ്റം രൂക്ഷമാണ്. ആറാട്ടുപുഴ, വലിയ അഴീക്കൽ, ഒറ്റമശേരി മേഖലകളിലാണ് കടലേറ്റം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ക്യാമ്പുകൾ അടക്കം സജ്ജമാക്കിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Tags:    

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News