സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; മൂന്ന് മരണം
മലപ്പുറം ജില്ലയിൽ രണ്ട് കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. കരിപ്പൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് രണ്ട് കുട്ടികൾ മരിച്ചത്. ഒൻപത് വയസ്സുള്ള റിസാനയും ഏഴ് മാസം പ്രായമുള്ള റിൻസാനയുമാണ് മരിച്ചത്.
സംസ്ഥാനത്ത് കനത്ത മഴയിൽ മൂന്നുപേർ മരിച്ചു. മലപ്പുറം ജില്ലയിൽ രണ്ട് കുട്ടികളും കൊല്ലത്ത് ഒരു വയോധികനുമാണ് മരിച്ചത്. കരിപ്പൂരിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് രണ്ട് കുട്ടികൾ മരിച്ചത്. ഒൻപത് വയസ്സുള്ള റിസാനയും ഏഴ് മാസം പ്രായമുള്ള റിൻസാനയുമാണ് മരിച്ചത്. പുലർച്ചെ അഞ്ചേകാലിനാണ് അപകടമുണ്ടായത്. കുട്ടികൾ ഉറങ്ങിക്കിടന്നിരുന്ന ബെഡ്റൂം തകർന്നു വീണാണ് ദാരുണാന്ത്യം സംഭവിച്ചത്. വീട്ടിലെ മറ്റംഗങ്ങൾക്ക് പരിക്കേറ്റിട്ടില്ല. മുഹമ്മദ് കുട്ടി എന്നയാളുടെ വീടാണ് തകർന്നത്. മുഹമ്മദ് കുട്ടിയുടെ പേരക്കുട്ടികളാണ് റിസാനയും റിൻസാനയും.
മാതാവിന്റെ വീട്ടിലേക്ക് വിരുന്നെത്തിയതായിരുന്നു അവർ. അതിനിടെയാണ് അപകടമുണ്ടായത്. വീട്ടിലുള്ളവർ പ്രഭാത പ്രാർഥനക്കും മറ്റുമായി നേരത്തെ എഴുന്നേറ്റതിനാലാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
അപകടം നടന്ന വീടിന്റെ മുകളിലുള്ള പറമ്പിൽ മറ്റൊരു വീടിന്റെ ജോലി നടക്കുന്നുണ്ട്. അവിടെ തറനിർമാണത്തിനായി എടുത്ത മണ്ണാണ് കനത്ത മഴയെത്തുടർന്ന് ഇവരുടെ വീടിന് മുകളിലേക്ക് ഇടിഞ്ഞുവീണത്.
കൊല്ലം തെൻമല നാഗമലയിൽ തോട്ടിൽ വീണ് വയോധികൻ മരിച്ചു. നാഗമല സ്വദേശി ഗോവിന്ദരാജാണ് (65) മരിച്ചത്. വീട്ടിലേക്ക് പോകുമ്പോൾ റോഡ് മുറിച്ചു കടക്കവേ തോട്ടിൽ വീണാണ് അപകടമുണ്ടായത്. തോട് കരകവിഞ്ഞൊഴുകിയതോടെ തോടും റോഡും തിരിച്ചറിയാൻ കഴിയാതായതാണ് അപകടത്തിന് കാരണമായത്.