അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും
അഞ്ചു ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട്
അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി. നാളെ ഉച്ചയോടെ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. അഞ്ചു ജില്ലകളിൽ കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട , ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് റെഡ് അലർട്ട്.
കനത്ത മഴയെതുടര്‍ന്ന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കവും കടല്‍ക്ഷോഭവുമാണ്. തിരുവനന്തപുരം ജില്ലയിൽ ശക്തമായ കടലാക്രമണം തുടരുകയാണ്. പൊഴിയൂർ, പരുത്തിയൂർ, സൗത്ത് കൊല്ലംകോട് തീരങ്ങൾ കടലെടുത്തു. കഴിഞ്ഞ ദിവസം ഉണ്ടായ കടൽക്ഷോഭത്തിൽ 20 ഓളം വീടുകൾ തകർന്നു. വീട് നഷ്ടപ്പെട്ടവരെ ക്യാമ്പുകളിലേക്ക് മാറ്റി.
കൊല്ലത്ത് രാവിലെ മുതൽ ശക്തമായ മഴ പെയ്യുകയാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ 6 കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കുരമിട്ടു. ജില്ലയിലെ ആലപ്പാട് പഞ്ചായത്തിൽ ശക്തമായ കടൽ ക്ഷോഭമാണ് അനുഭവപ്പെടുന്നത്. നിരവധി വീടുകളിൽ വെള്ളം കയറി. പ്രദേശത്ത് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങും.