അതിശക്ത മഴ: മലപ്പുറത്ത് നാല് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു
മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് 300ഓളം പേരെ മാറ്റി പാർപ്പിച്ചു
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴയും മലവെള്ളപ്പാച്ചിലും. പല പ്രദേശങ്ങളിലും വെള്ളം കയറിയതിനെ തുടർന്ന് നാലിടത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മലപ്പുറം, നിലമ്പൂർ താലൂക്കുകളിലായാണ് ക്യാമ്പുകൾ ആരംഭിച്ചത്. കാരക്കോട്, മണിമൂളി, മരുത എന്നീ സ്കൂളുകളിലേക്കാണ് 300 ഓളം പേരെ മാറ്റി പാർപ്പിച്ചത്. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപാർപ്പിച്ചത്.
ജില്ലയിലുടനീളം ഉച്ചയ്ക്ക് ശേഷം കനത്ത മഴയായിരുന്നു. കാരക്കോണം പുഴയിലും കോരം പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇരു പുഴകളിലേയും സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കാരക്കോണം പുഴയോട് ചേർന്നുള്ള പുന്നക്കൽ റോഡ് പൂർണമായും വെള്ളത്തിനടിയിലായി. അക്കിത്തോടിന് സമീപത്തെ വീടുകളിൽ വെള്ളംക്കയറി. പൂച്ചൻക്കൊല്ലി പ്രദേശത്തെ ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
മണ്ണിടിച്ചിലിനെ തുടർന്ന് നാടുകാണി ചുരത്തിലിൽ നിരോധിച്ച ഗതാഗതം പുനസ്ഥാപിച്ചു. സർക്കാർ സംവിധാനങ്ങളുടേയും സന്നദ്ധപ്രവർത്തകരുടേയും സാഹായത്തോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. 10 സ്ഥലങ്ങളിലാണ് മണ്ണിടിഞ്ഞത്. കൂടാതെ ചുരത്തിൽ മരം കടപുഴകി വീഴുകയും ചെയ്തിരുന്നു.