കൊച്ചിൻ കാര്‍ണിവല്‍: ആഘോഷത്തിന് ഒരുക്കുന്നത് വൻ സുരക്ഷ; വിന്യസിക്കുന്നത് ആയിരത്തോളം പൊലീസുകാരെ
എല്ലാവരും ഫോര്‍ട്ട് കൊച്ചിയിലേക്ക് മാത്രം പോകാതെ കൊച്ചി നഗരത്തിലെ മറ്റ് പരിപാടികളും ആസ്വദിക്കണം.
കൊച്ചി: ഫോര്‍ട്ട് കൊച്ചി കാര്‍ണിവലില്‍ ഒരുക്കുന്നത് വന്‍ സുരക്ഷ. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുന്നതെന്ന് മേയര്‍ എം.അനില്‍കുമാര്‍, ഹൈബി ഈഡന് എം.പി, കെ.ജെ മാക്സി എം.എല്‍.എ, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ കെ.മീര, ഡെപ്യൂട്ടി കലക്ടര്‍ ഉഷാ ബിന്ദു മോള്, മട്ടാഞ്ചേരി അസി. പൊലീസ് കമ്മീഷണര്‍ കെ.ആര് മനോജ് എന്നിവര്‍ അറിയിച്ചു.
ഫോര്‍ട്ട് കൊച്ചി കൂടാതെ പള്ളുരുത്തി കാര്‍ണിവല്‍, എറണാകുളത്തപ്പന് ഗ്രൗണ്ട് എന്നിവടങ്ങളില്‍ പുതുവത്സരത്തോട് അനുബന്ധിച്ച് ഡിസംബര്‍ 31ന് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചുണ്ടെന്നും മേയര്‍ പറഞ്ഞു. എല്ലാവരും ഫോര്‍ട്ട് കൊച്ചിയിലേക്ക് മാത്രം പോകാതെ കൊച്ചി നഗരത്തിലെ മറ്റ് പരിപാടികളും ആസ്വദിക്കണം. മറൈന്‍ ഡ്രൈവില്‍ പുഷ്പമേള, കലൂരില്‍ ദേശീയ സരസ് മേള എന്നിവയും തുടരുകയാണ്. ഇവിടെയും വിവിധ കലാപരിപാടികളാല്‍ സമ്പന്നമാണ്.
ഡിസംബര്‍ 31ന് രാത്രി പാപ്പാഞ്ഞിയെ കത്തിക്കുന്ന ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ട് വിവിധ സെഗ്മെന്റുകളായി തിരിച്ചാകും ആളുകളെ കടത്തിവിടുക. ഓരോ സെഗ്മെന്റിലും നിയന്ത്രിത ആളുകളെ മാത്രമാകും കടത്തിവിടുക. പരിധിയില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പാപ്പാഞ്ഞിയെ കത്തിച്ചശേഷം ഒരു മണിവരെ കലാപരിപാടികള്‍ തുടരും. പരേഡ് ഗ്രൗണ്ട് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കും. ആയിരത്തോളം പൊലീസുകാരെയും സുരക്ഷാ ചുമതലയ്ക്കായി നിയോഗിക്കും. വനികളുടെ സുരക്ഷയ്ക്കായി മഫ്തിയിലും പൊലീസ് ഉണ്ടാകും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കും. ആവശ്യമായ ബയോ ടോയ്ലറ്റ്, കുടിവെള്ള സൗകര്യം സജ്ജമാക്കും. ബസ് സര്‍വീസിനായി കൊച്ചിന് കോളജ് ഗ്രൗണ്ടില്‍ താല്‍ക്കാലിക ബസ് സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കും.
കാര്‍ണിവല്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കണ്ട്രോള് റൂം പൊലീസ് വിഎച്ച്എഫ് കണ്ട്രോള് യൂണിറ്റിനൊപ്പം പ്രവര്‍ത്തിക്കും. ഫോര്‍ട്ട് കൊച്ചിയിലും പരിസരത്തും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനുമായി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പരേഡ് ഗ്രൗണ്ടിന്റെ ഉള്‍ഭാഗം ശക്തമായ രീതിയില്‍ ബാരിക്കേഡിങ് ചെയ്ത് നാല് സെഗ്മെന്റുകളായി ഓരോന്നിലേക്കും പ്രവേശിക്കാനും പുറത്തുകടക്കാനും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഓരോ സെഗ്മെന്റുകള്ക്കിടയിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍, മാലപ്പൊട്ടിക്കല്‍, മോഷണം തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് മഫ്തിയില്‍ വനിതാ പൊലീസുകാര്‍ ഉള്‍പ്പെടെ ഉണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരേയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെയും കണ്ടെത്തുന്നതിനായി 31ന് രാവിലെ മുതല്‍ പശ്ചിമ കൊച്ചിയില്‍ കര്‍ശന പൊലീസ് പരിശോധന ഉണ്ടായിരിക്കും. കോസ്റ്റല്‍ പൊലീസിന്റെ മുഴുവന്‍ സമയ ബോട്ട് പട്രോളിങ് ഉണ്ടാകും. ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന് പ്രത്യേക പൊലീസ് കണ്ട്രോള് റൂം പ്രവര്‍ത്തിക്കും.