ഹേമ കമ്മിറ്റി റിപ്പോർട്ട്: പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച് ഡബ്ല്യു.സി.സി
'ജോലിമേഖലയിലെ സ്ത്രീകൾക്കെല്ലാം നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു ഇത്'
എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിച്ച് സംഘടനയായ ഡബ്ല്യു.സി.സി. ജോലിമേഖലയിലെ സ്ത്രീകൾക്കെല്ലാം നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു ഇത്. സർക്കാർ തുടർ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. ഹേമ കമ്മിറ്റിയിലെ അംഗങ്ങൾ, മാധ്യമപ്രവർത്തകർ, സംസ്ഥാന വനിതാ കമ്മീഷൻ, കേരളത്തിലെ ജനങ്ങൾ എന്നിവർക്കെല്ലാം നന്ദിയുണ്ടെന്നും ഡബ്ല്യു.സി.സി പ്രതികരിച്ചു.
വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോർട്ട് സാംസ്കാരിക വകുപ്പ് ഇന്ന് ഉച്ചയ്ക്ക് 2:30ന് പുറത്തുവിട്ടത്. റിപ്പോർട്ടിൽ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
സിനിമയിലേക്ക് സ്ത്രീകൾ കടന്നുവരുന്നത് പണത്തിന് വേണ്ടി മാത്രമാണെന്നാണ് ചിലർ കരുതുന്നത്. അതിനാൽ തന്നെ നടിമാർ എന്ത് വിട്ടുവീഴ്ചയും ചെയ്യുമെന്നാണ് ഇവരുടെ ധാരണ. സിനിമയിലേക്ക് കടന്നുവരുന്ന സമയം മുതൽ ലൈംഗിക ചൂഷണങ്ങൾക്ക് സ്ത്രീകൾ വിധേയരാകുന്നുണ്ട്. ഇതിനെതിരെ പരാതി പയറുന്നവരുടെ അവസരം നിഷേധിക്കപ്പെടുകയാണ്. കലയോടുള്ള താൽപര്യം കൊണ്ടാണ് സ്ത്രീകൾ സിനിമയിലേക്ക് വരുന്നതെന്ന് അംഗീകരിക്കാൻ പോലും പുരുഷൻമാർക്ക് കഴിയുന്നില്ല. സ്ത്രീകളെ ലൈംഗിക താൽപര്യത്തോടെ സമീപിക്കുന്നതിൽ നടൻ മുതൽ പ്രൊഡക്ഷൻ കൺട്രോളർ വരെ ഉള്ളവരുണ്ട് എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.