കോൺഗ്രസ് സ്ഥാനാർഥി നിർണയത്തില്‍ ഇനി ഹൈക്കമാന്‍ഡ് തീരുമാനം; സതീശനും സുധാകരനും ഡല്‍ഹിയിലേക്ക്

രാഹുൽ ഗാന്ധി വയനാട്ട് മത്സരിക്കുന്ന കാര്യത്തില്‍ രണ്ട് ദിവസത്തിനകം തീരുമാനമാകും

Update: 2024-03-02 04:06 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥിപ്പട്ടികയിൽ ഇനി ചർച്ച ഡൽഹിയിൽ. സ്ക്രീനിങ് കമ്മിറ്റി യോഗവും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പങ്കെടുത്ത അടിയന്തര യോഗവും പൂർത്തിയായതോടെ നേതാക്കളെ ഡൽഹിയിലേക്കു വിളിപ്പിക്കും. ഇതിന്റെ ഭാഗമായി കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ വൈകാതെ ഡൽഹിയിലെത്തും.

അടിയന്തര യോഗത്തിലെ വിവരങ്ങൾ കെ.സി വേണുഗോപാൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി എന്നിവരെ ധരിപ്പിച്ചുകഴിഞ്ഞു. വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ അന്തിമ തീരുമാനം രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും. വയനാട് വിടണമെന്ന് ഉത്തരേന്ത്യൻ നേതാക്കളിൽ നിന്ന് സമ്മർദമുണ്ടെങ്കിലും രാഹുൽ ഗാന്ധിയുടെ വ്യക്തിപരമായ താത്പര്യം വയനാടിനൊപ്പമാണ്. എന്നാൽ, ദേശീയ സാഹചര്യം കൂടി കണക്കിലെടുത്താവും തീരുമാനം.

കെ. സുധാകരൻ, വി.ഡി സതീശൻ എന്നിവരുടെ കൂടി സാന്നിധ്യത്തിൽ ഡൽഹിയിൽ തന്നെ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിക്കും. വയനാട്, കണ്ണൂർ, ആലപ്പുഴ സീറ്റുകളിലാണ് പ്രത്യക്ഷത്തിൽ അനിശ്ചിതത്വം തുടരുന്നതെങ്കിലും മാവേലിക്കര, പത്തനംതിട്ട സീറ്റുകളിൽ കൂടി ചർച്ചകൾ നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ റിപ്പോർട്ട്‌ പ്രകാരം പത്തനംതിട്ടയിൽ ആന്റോ ആന്റണിയാണ് ഏറ്റവും മോശം പ്രകടനം നടത്തിയ എം.പി. അതുകൊണ്ടുതന്നെ മറ്റ് പേരുകൾ കൂടി ഉൾപ്പെടുത്തി ചർച്ചകൾ നടത്തും.

Full View

മാവേലിക്കരയിൽ ഏഴ് തവണ എം.പിയായതിനാൽ അവിടെയും കൂടുതൽ പേരുകളിലേക്ക് ചർച്ച നീളുന്നുണ്ട്. സിറ്റിങ് എം.പിമാരെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് കെ.സി വേണുഗോപാൽ പങ്കെടുത്ത യോഗത്തിലുണ്ടായ വിലയിരുത്തൽ. ഇക്കാര്യവും ദേശീയ നേതൃത്വം വിലയിരുത്തും. അതിനുശേഷമാകും കേരള നേതാക്കളെ വിളിച്ചുവരുത്തുക.

Summary: The High Command will now decide on the Congress candidate list in Kerala

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News