കെ സ്വിഫ്റ്റിൽ നിയമനം നടത്താൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി

കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾക്കുള്ള പ്രത്യേക കമ്പനിയാണ് കെ സ്വിഫ്റ്റ്

Update: 2022-02-09 12:22 GMT
Advertising

കെ സ്വിഫ്റ്റിൽ നിയമന നടപടികളുമായി മുന്നോട്ടു പോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. നിയമനം പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കണമെന്നും നിയമനത്തിൽ എം പാനൽ ജീവനക്കാർക്ക് പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾക്കുള്ള പ്രത്യേക കമ്പനിയാണ് കെ സ്വിഫ്റ്റ്. കെ സ്വിഫ്റ്റിലേക്ക് ജീവനക്കാരെ ക്ഷണിച്ച് ഗതാഗത വകുപ്പ് പത്രപരസ്യം പ്രസിദ്ധീകരിച്ചിരുന്നു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് രൂപികരണം എൽഡിഎഫിന്റെ നയപരമായ തീരുമാനമാണെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നത്. ഡ്രൈവർ കം കണ്ടക്ടർ തസ്തികകളിലേക്കാണ് കെ സ്വിഫ്റ്റ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. മുൻപ് എംപാനൽ ആയി ജോലി നോക്കിയവർക്കും, ഡ്രൈവർ കണ്ടക്ടർ ലൈസൻസുകൾ ഉള്ള മറ്റുള്ളവർക്കും അപേക്ഷിക്കാം. 45 വയസ്സാണ് പരമാവധി പ്രായം.കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന ശമ്പളം തന്നെയായിരിക്കും കെ സ്വിഫ്റ്റിൽ നിന്നും ലഭിക്കുക. താൽക്കാലികമായി നിയമിക്കുന്നവർക്ക് 8 മണിക്കൂർ 715 രൂപയും അധികമുള്ള മണിക്കൂറിന് 100 രൂപ മുതൽ 375 രൂപ വരെയും ദിവസ വേതനം ലഭിക്കും. നിയമനങ്ങൾക്കായി സെലക്ഷൻ കമ്മിറ്റിയെ നിയോഗിക്കും. സെലക്ഷൻ കമ്മിറ്റി പരീക്ഷയുടെ അടിസ്ഥാനത്തിലാകും നിയമനം. കെ സ്വിഫ്റ്റ് നടപ്പാക്കുന്നതോടെ ദീർഘ ദൂര സർവീസുകൾ പൂർണമായും കെ സ്വീഫ്റ്റിലേക്ക് മാറ്റാനാണ് തീരുമാനം.

അതിനിടെ, തിരക്കിട്ട് കെ-സ്വിഫ്റ്റ് ഓഫീസ് ഉദ്ഘാടനം നടത്തിയിരുന്നു. പരസ്യമോ അറിയിപ്പോ ഇല്ലാതെ രഹസ്യമായി വലയം സ്ഥാപിച്ചായിരുന്നു ഉദ്ഘാടനം. എത്ര ഓഫീസ് തുറന്നാലും കെ.എസ്.ആർ.ടി.സിയുടെ റൂട്ടുകൾ സ്വിഫ്റ്റിന് നൽകില്ലെന്ന നിലപാടിലാണ് യൂണിയനുകൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അന്നത്തെ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ കെ.സ്വിഫ്റ്റിന്റെ ടെർമിനലും ഹെഡ്ക്വാർട്ടേഴ്‌സും ഉദ്ഘാടനം ചെയ്തിരുന്നെങ്കിലും പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. യൂണിയനുകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് നടപടികൾ സർക്കാർ മരവിപ്പിച്ചിരുന്നു. മുഖ്യമന്ത്രി വീണ്ടും പച്ചക്കൊടി കാണിച്ചതോടെയാണ് കെ.എസ്.ആർ.ടി.സി. മാനേജ്‌മെൻറ് സർവസന്നാഹവുമായി സ്വിഫ്റ്റുമായി മുന്നിട്ടിറങ്ങിയത്.

Full View

High Court allows govt to go ahead with recruitment process in K Swift

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News