യാസിര്‍ സംശയത്തിന്‍റെ പേരിൽ മകളെ പീഡിപ്പിച്ചു, തങ്ങളെയും കൊല്ലുമെന്ന് ഭയം; ഷിബിലയുടെ മാതാപിതാക്കൾ
കൊലപാതകത്തെ ഇപ്പോഴും ന്യായീകരിക്കുന്ന യാസിറിന്‍റെ മാതാപിതാക്കൾ ഉൾപ്പെടെ കേസിൽ പ്രതികളാണ്


കോഴിക്കോട്: പൊലീസിനെതിരെ ആരോപണം ശക്തമാക്കി താമരശ്ശേരി ഈങ്ങാപ്പുഴയിൽ കൊല്ലപ്പെട്ട ഷിബിലയുടെ കുടുംബം. യാസിറിനെതിരെ പരാതി നൽകിയ ശേഷം , നിരന്തരമായി സ്റ്റേഷനില്‍ വിളിച്ചിട്ടും പൊലീസ് ഇടപെട്ടില്ലെന്ന ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ ആരോപിച്ചു. കൊലപാതകത്തെ ഇപ്പോഴും ന്യായീകരിക്കുന്ന യാസിറിന്‍റെ മാതാപിതാക്കളെ പ്രതിചേർക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മാധ്യമങ്ങൾ മുന്നിൽ വിങ്ങിപ്പൊട്ടുകയായിരുന്നു ഷിബിലയുടെ മാതാവും പിതാവും. യാസിർ ഷിബിലയെ നിരന്തരം മർദിക്കാറുണ്ടായിരുന്നു. ഫെബ്രുവരി 28ന് രേഖാമൂലം താമരശ്ശേരി പൊലീസില്‍ പരാതി നൽകി. എന്നാൽ യാസിറിനെതിരെ കേസെടുക്കാനോ മറ്റു നടപടികള്‍ക്കോ പൊലീസ് തയാറായില്ല. സ്റ്റേഷനിൽ നിരന്തരം വിളിച്ചെങ്കിലും ഇരുവീട്ടുകാരെയും വിളിച്ച് അനുനയ നീക്കത്തിന് മാത്രമാണ് പൊലീസ് ശ്രമിച്ചതെന്നും കുടുംബം പറയുന്നു.
ലഹരിക്കടിമയായ യാസിർ സംശയത്തിന്‍റെ പേരിലും ഷിബിലയെ മർദിച്ചു. കൊലപാതകത്തെ ഇപ്പോഴും ന്യായീകരിക്കുന്ന യാസിറിന്‍റെ മാതാപിതാക്കളെ പ്രതി ചേർക്കണം. നാല് ബാങ്കിൽ നിന്നടക്കം ഷിബിലയുടെ പേരിൽ യാസിർ ലോൺ എടുത്ത് ആർഭാട ജിവിതം നയിക്കുകയായിരുന്നു. യാസിർ പുറത്തിറങ്ങുന്ന സാഹചര്യമുണ്ടായാൽ തങ്ങളെ കൊല്ലാനും മടിക്കില്ലെന്നും കുടുംബം പറയുന്നു.