'അവിശ്വസനീയ സംഭവം'; ഇരട്ട നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി

ഇലന്തൂരില്‍ ഇരട്ടക്കൊല നടന്ന വീട്ടില്‍ നിന്നും രണ്ട് സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു

Update: 2022-10-11 15:51 GMT
Editor : ijas
Advertising

കൊച്ചി: ഇലന്തൂരിലെ ഇരട്ട നരബലിയില്‍ നടുക്കം പ്രകടിപ്പിച്ച് ഹൈക്കോടതി. കേരളത്തിൻ്റെ പോക്കിൽ ദുഖമുണ്ട്. സംഭവം ഞെട്ടലുണ്ടാക്കുന്നതാണെന്നും അവിശ്വസനീയ സംഭവമാണെന്നും ജസ്റ്റിൻ ദേവൻ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഇലന്തൂരില്‍ ഇരട്ടക്കൊല നടന്ന വീട്ടില്‍ നിന്നും രണ്ട് സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. നാല് കുഴികളിലായാണ് മൃതദേഹങ്ങള്‍ മറവ് ചെയ്തത്. ദമ്പതികള്‍ക്ക് കട ബാധ്യതയുണ്ടായിരുന്നതായും കട ബാധ്യത തീർക്കുന്നതിന് ആഭിചാരത്തിനായാണ് ഷാഫിയെ സമീപിച്ചതെന്നും പൊലീസ് വ്യക്തമാക്കി. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദക്ഷിണ മേഖലാ ഡി.ഐ.ജി നിശാന്തിനി ഐ.പി.എസ് പറഞ്ഞു. ആക്രമണത്തിനുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തതായും ഷാഫി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്നും നിശാന്തിനി പറഞ്ഞു.

ഫേസ്ബുക്കിലെ വ്യാജ ഐ.ഡിയിലൂടെയാണ് ഷാഫി ദമ്പതികളെ പരിയപ്പെട്ടതെന്നും പ്രതികള്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. രണ്ട് സംഘങ്ങളായുള്ള പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്.

രണ്ട് സ്ത്രീകളെയാണ് ഐശ്യര്യത്തിന് വേണ്ടി ബലി കൊടുത്തത്.എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ലോട്ടറി കച്ചവടം നടത്തുന്ന പത്മയെ കാണാതായത് സെപ്റ്റംബര്‍ 26നാണ്. അമ്മയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ ശെല്‍വം കടവന്ത്ര പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പത്മയുടെ ഫോണിലേക്ക് കൂടുതല്‍ വിളികള്‍ എത്തിയത് പെരുമ്പാവൂര്‍ സ്വദേശി ഷാഫിയില്‍ നിന്നാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെയാണ് നരബലിയുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഇന്നലെ രാത്രി മുഴുവന്‍ ചോദ്യം ചെയ്തതോടെ ഷാഫി കുറ്റം സമ്മതിച്ചു.

പത്മക്ക് പുറമെ റോസ് ലിന്‍ എന്ന കാലടി സ്വദേശിയെയും ബലി നല്‍കിയെന്ന് മൊഴി ലഭിച്ചിട്ടുണ്ട്. പൊലീസ് പരിശോധനയില്‍ കാലടി സ്വദേശിയുടെ തിരോധാനത്തിലും കേസ് രജിസ്റ്റർ ചെയ്തതായി വ്യക്തമായി. പത്തനംതിട്ട എലന്തൂർ പുന്നക്കാട് സ്വദേശികളായ ഭഗവല്‍ സിംഗ്-ലൈല ദമ്പതികള്‍ക്കായാണ് ബലി നടത്തിയതെന്ന് ഏജന്‍റ് മൊഴി നല്‍കിയതോടെ ഇവരേയും കസ്റ്റഡിയില്‍ എടുത്തു. സാമ്പത്തിക അഭിവൃദ്ധി ലക്ഷ്യമിട്ടായിരിന്നു ബലിയെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News