'പകരം സ്ഥലം സർക്കാർ തന്നെ കണ്ടെത്തണം'; അരിക്കൊമ്പനെ മാറ്റാൻ സമയം നീട്ടി നൽകി ഹൈക്കോടതി
പറമ്പിക്കുളവും കോടനാടും സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ
ഇടുക്കി: അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരമുള്ള സ്ഥലം കണ്ടെത്തി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി സമയം അനുവദിച്ചു. മുദ്രവെച്ച കവറിൽ വിവരങ്ങൾ കൈമാറാനാണ് നിർദേശം. പുതിയ സ്ഥലത്തിന്റെ വിശദാംശങ്ങൾ പുറത്തുവിടരുതെന്നും കോടതി നിർദേശം നൽകി. ഹരജി പരിഗണിക്കവെ വനംവകുപ്പിനെ രൂക്ഷമായാണ് കോടതി വിമർശിച്ചത്.
അരിക്കൊമ്പന് അനുയോജ്യമായ മറ്റൊരു സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ന് തന്നെ വിദഗ്ധ സമിതിയെ അക്കാര്യം അറിയാക്കാമെന്നുമാണ് സർക്കർ ഹൈക്കോടതിയെ അറിയിച്ചത്. മുദ്രവെച്ച കവറിൽ വിദഗ്ധസമിതിക്ക് സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സർക്കാർ നൽകുന്ന ശിപാർശ വിദഗ്ധ സമിതി അംഗീകരിക്കുകയാണെങ്കിൽ ഹരജി പരിഗണിക്കുന്നതിന് മുൻപായി തന്നെ ട്രയൽ റൺ ഉൾപ്പെടെയുള്ള പ്രാരംഭ നടപടികൾ ആവാം. എന്നാൽ കോടതി വിഷയം പരിഗണിക്കുന്നത് വരെ സ്ഥലം സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിടരുത്. പുതിയ സ്ഥലം കണ്ടെത്തുന്നത് വരെ അരിക്കൊമ്പനെ നിരീക്ഷിക്കണം.അരിക്കൊമ്പൻ ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും കോടതി പറഞ്ഞു.
കാട്ടാനശല്യം തുടരുന്ന പാലക്കാട്, ഇടുക്കി വയനാട് ജില്ലകളിൽ പ്രത്യേകം ദൗത്യ സംഘത്തെ രൂപീകരിക്കാനും കോടതിയുടെ നിർദേശമുണ്ട്. ദൗത്യസംഘവുമായി ബന്ധപ്പെട്ട ചർച്ച നടക്കവെ വനംവകുപ്പിനെ രൂക്ഷമായാണ് കോടതി ഇന്ന് വിമർശിച്ചത്. ഉദ്യോഗസ്ഥരിൽ ഭൂരിഭാഗവും എങ്ങനെ പണി എടുക്കാതിരിക്കാം എന്നാണ് ആലോചിക്കുന്നതെന്ന് കോടതി വിമർശിച്ചു. അരിക്കൊമ്പൻ മിഷനായി കോടതി രൂപീകരിച്ച ദൗത്യ സംഘത്തിൽ മാറ്റം വരുത്തണമെന്ന വനം വകുപ്പിന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഡോ. അരുൺ സക്കറിയ ഉൾപ്പെടെ മൂന്ന് പെരെയാണ് സംഘത്തിൽ ഉൾപ്പെടുത്തിയത്. മിഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ പ്രതീക്ഷ ഉണ്ടെന്നായിരുന്നു വനംമന്ത്രിയുടെ പ്രതികരണം. ഹരജിയിൽ ഹൈക്കോടതി മെയ് മൂന്നിനാണ് ഇനി വാദം കേൾക്കുക.
അതേസമയം, അരിക്കൊമ്പനെ മാറ്റുന്നതിൽ പറമ്പിക്കുളവും കോടനാടും സർക്കാരിന്റെ പരിഗണനയിൽ ഇല്ലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. അന്തിമ തീരുമാനം ആവാത്തത് കൊണ്ടാണ് ഇപ്പോൾ സ്ഥലം പറയാത്തത്. സ്ഥലം തീരുമാനിക്കുന്നത് രഹസ്യമാക്കി വെക്കില്ലെന്നും വനംമന്ത്രി പറഞ്ഞു.