വധശ്രമക്കേസ്; മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന ഉത്തരവ് ഹൈക്കോടതി മരവിപ്പിച്ചു
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെതാണ് ഉത്തരവ്
കൊച്ചി: വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുൻ എം.പി മുഹമ്മദ് ഫൈസലിന് ആശ്വാസം. ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സസ്പെൻഡ് ചെയ്തു. ശിക്ഷാവിധിയും കോടതി സസ്പെൻഡ് ചെയ്തു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെതാണ് ഉത്തരവ്.
ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിട്ടില്ലെന്നും സാക്ഷിമൊഴികളിൽ വൈരുധ്യമുണ്ടെന്നുമാണ് ഫൈസലിന്‍റെയും കൂട്ടുപ്രതികളുടെയും വാദം. കേസിലെ സാക്ഷിമൊഴികളിൽ വൈരുധ്യമില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചിരുന്നു. ആയുധങ്ങൾ കണ്ടെടുത്തില്ലെങ്കിലും പ്രതികൾക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിൽ 10 വർഷത്തെ തടവു ശിക്ഷ ലഭിച്ച മുഹമ്മദ് ഫൈസൽ ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിലാണുള്ളത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 2009ൽ കോൺഗ്രസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കേസിലെ മറ്റു മൂന്നുപേർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. കവരത്തി ജില്ലാ സെഷൻസ് കോടതിയുടെതായിരുന്നു ഉത്തരവ്. ഫൈസലിനൊപ്പം അദ്ദേഹത്തിന്‍റെ സഹോദരൻ മുഹമ്മദ് അമീൻ, അമ്മാവൻ പടിപ്പുര ഹുസൈൻ എന്നിവരെയാണ് ശിക്ഷിച്ചത്. മുൻ കോൺഗ്രസ് നേതാവായ പി.എം സഈദിന്‍റെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.
ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ഫൈസലിന്‍റെ എം.പി സ്ഥാനം റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 27ന് ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഈ മാസം 27ന് പരിഗണിക്കും.