ലക്ഷദ്വീപിലെ രണ്ട് വീടുകൾ പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ
കടല്‍ തീരത്ത് നിന്ന് 20 മീറ്റര്‍ പരിധിയിലുള്ള 86 കെട്ടിടങ്ങൾ പൊളിച്ച് മാറ്റണമെന്ന ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവില്‍ നിന്ന് രണ്ട് പേർക്ക് ഹൈക്കോടതി സംരക്ഷണം അനുവദിച്ചു. ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചവരുടെ വീട് പൊളിക്കുന്നതാണ് കോടതി തടഞ്ഞത്.
ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഹരജിക്കാരുടെ വീടുകൾ പൊളിച്ചു നീക്കരുതെന്നാണ് നിർദേശം. ചട്ടലലംഘനം ആരോപിച്ച് ലക്ഷദ്വീപിൽ നോട്ടീസ് നൽകാൻ ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർക്ക് അധികാരമില്ലന്ന് ക്കോടതി വ്യക്തമാക്കി. ദ്വീപ് നിവാസിയുടെ ഹർജിയിലാണ് കോടതി നടപടി. കാരണം കാണിക്കൽ നോട്ടിസിന് ഹർജിക്കാരന് മറുപടി നൽകാമെന്നും ഹർജിക്കാരെ കോടതി അനുമതിയില്ലാതെ ഒഴിപ്പിക്കാനാവില്ലന്നും കോടതി നിർദ്ദേശിച്ചു.
സംയോജിത ദ്വീപ് മാനേജ്മെൻറ് പ്ലാൻ (ഐ.ഐ.എം.പി) ചൂണ്ടിക്കാട്ടിയാണ് കവരത്തിയിൽ വീടുകളും ശുചിമുറികളും പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, ഐ.ഐ.എം.പി പ്രകാരം തീരത്ത് മത്സ്യത്തൊഴിലാളികൾക്കും താൽക്കാലിക ഷെഡുകൾക്കും ഇളവുണ്ടെന്ന് ദ്വീപ് നിവാസികൾ പറഞ്ഞു. മാത്രമല്ല, 2012ൽ ഐ.ഐ.എം.പി പ്രാബല്യത്തിൽ വരുന്നതിന് മുമ്പുള്ള വീടുകളാണ് തീരത്തുള്ളതിൽ ഭൂരിഭാഗമെന്നും അതിനാൽ മാനദണ്ഡം ബാധകമാകില്ലെന്നും അവർ വ്യക്തമാക്കുന്നു.മുമ്പ് തീരത്തുനിന്ന് 50 മുതൽ 100 മീറ്റർ പരിധിയിൽ നിർമിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് പലതും. എന്നാൽ, കടലേറ്റത്തെ തുടർന്ന് കടലും കരയും തമ്മിലുള്ള അകലം കുറയുകയായിരുന്നു.