എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു
കൊച്ചി: കെ.എസ്.യു പ്രവർത്തകനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബിജു എബ്രഹാമിൻറെ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കേസിൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നേരത്തെ ആർഷോയുടെ ജാമ്യം റദ്ദാക്കിയിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ പൊലിസ് വീണ്ടും ആർ ഷോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ജില്ലാ ജയലിൽ റിമാൻഡിലാണ് ഇപ്പോൾ ആർഷോ.
വിവിധ അക്രമ കേസുകളിൽ പ്രതിയായ ആർഷോ ജൂൺ 12ന് രാവിലെ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ആർഷോയെ പിടികൂടാത്തതിൽ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളിൽ പ്രതിയായതോടെയാണ് ആർഷോയുടെ ജാമ്യം റദ്ദാക്കിയത്. എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലും പൊതുപരിപാടികളിൽ പങ്കെടുത്തിട്ടും പൊലീസ് പിടികൂടിയിരുന്നില്ല.
കെ.എസ്.യു പ്രവർത്തകനായ നിസാമിനെ ആക്രമിച്ച സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ഈ കേസിൽ 2019 ല്‍ ജാമ്യം ലഭിക്കുകയും എന്നാൽ അതിനുശേഷം ജാമ്യം ലഭിച്ചതിനുശേഷം വീണ്ടും കുറ്റകൃത്യത്തിൽ പങ്കാളിയായി. പത്തോളം കേസുകൾ അർഷോയ്ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റർ ചെയ്തിരുന്നു. ഇക്കാര്യങ്ങള്‍ ഹരജിക്കാരൻ തന്നെ കോടതിക്ക് മുമ്പാകെ അറിയിച്ചിരുന്നു. പിന്നീട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആയതിന് ശേഷമാണ് ആർഷോയുടെ കേസുകൾ സംബന്ധിച്ച് വലിയ വിവാദമാകുന്നത്.