കണ്ണൂര്‍ സര്‍വകലാശാലയില്‍ ഷംസീറിന്‍റെ ഭാര്യയുടെ നിയമനം ഹൈക്കോടതി തടഞ്ഞു

എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ മെയ് ഏഴുവരെ സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതി നിർദേശിച്ചത്.

Update: 2021-04-27 09:17 GMT
Editor : Nidhin | By : Web Desk
Advertising

കണ്ണൂർ സർവകലാശാലയിൽ അസി. പ്രൊഫസർ തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതി തടഞ്ഞു. എ.എൻ. ഷംസീറിന്‍റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കമുണ്ടെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലാണ് നടപടി. ഷംസീന്‍റെ ഭാര്യ ഡോ. ഷഹലയക്കം 30 പേരെയാണ് അസി. പ്രൊഫസർ തസ്തികയിൽ പരിഗണിക്കുന്നത്. സാക്ഷരത മിഷനിൽ 74 പേരെ സ്ഥിരപെടുത്താനുള്ള സർക്കാർ തീരുമാനവും ഹൈക്കോടതി തടഞ്ഞു.

എച്ച്ആർഡി സെന്‍ററിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിൽ മെയ് ഏഴുവരെ സ്ഥിരനിയമനം പാടില്ലെന്നാണ് ഹൈക്കോടതി നിർദേശിച്ചത്. ഷംസീറിന്‍റെ ഭാര്യ ഷഹലയെ മാനദണ്ഡം മറികടന്ന് നിയമിക്കാൻ നീക്കമുണ്ടെന്ന് കാണിച്ച് ഉദ്യോഗാർത്ഥിയായ എം.പി. ബിന്ദുവാണ് ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം പോലും ലംഘിച്ച് അഭിമുഖം നടത്തിയതിന് പിന്നിൽ സ്ഥാപിത താത്പര്യം ഉണ്ടെന്ന് ആരോപിച്ചാണ് ഹർജി നൽകിയത്.

തസ്തികയിലേക്ക് നിയമനം നടത്തുന്നതിനായി ഏപ്രിൽ 16ന് 30 ഉദ്യോഗാർത്ഥികളുടെ ഓൺലൈൻ അഭിമുഖം നടത്തിയിരുന്നു. ഇതിൽ ഷംസീർ എംഎൽഎയുടെ ഭാര്യ ഷഹലയും ഉൾപ്പെട്ടിരുന്നു. ഷഹലയെ പിൻവാതിലിലൂടെ നിയമിക്കാനുള്ള നീക്കം നടക്കുന്നുവെന്ന ആരോപണം ഉയർത്തി സേവ് യൂണിവേഴിസിറ്റി ഫോറം ഗവർണർക്ക് കത്ത് നൽകിയിരുന്നു. പെരുമാറ്റ ചട്ടം മറികടന്ന് കണ്ണൂർ സർവകലാശാലയിൽ സഹലയെ യുജിസി എച്ച്ആർഡി സെന്ററിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ സ്ഥിരനിയമനം നടത്താൻ നീക്കം നടക്കുന്നുവെന്നാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് കണ്ണൂർ സർവ്വകലാശാല വിസിയെ കഴിഞ്ഞ ദിവസം കെ.എസ്.യു ഉപരോധിച്ചിരുന്നു.

2020 ജൂൺ മുപ്പതിനാണ് കണ്ണൂർ സർവകലാശാല എച്ച്ആർഡി സെന്ററിലെ അസിസ്റ്റന്‍റ് പ്രൊഫസർ തസ്തികയിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചത്. യുജിസി വ്യവസ്ഥ അനുസരിച്ചു എച്ചആർഡി സെന്‍ററിലെ തസ്തികകൾ താൽക്കാലികമാണെങ്കിലും അസിസ്റ്റന്‍റ് പ്രൊഫസറുടെ സ്ഥിരം തസ്തിക സൃഷ്ടിക്കാൻ സർവകലാശാലയ്ക്ക് സംസ്ഥാന സർക്കാർ പ്രത്യേക അനുമതി നൽകിയിരുന്നു.

നിയമന വിവാദത്തിൽ തന്നെ വ്യക്തിപരമായി വേട്ടയാടുകയാണെന്ന് എ.എൻ ഷംസീർ എംഎൽഎയുടെ ഭാര്യ ഡോ. ഷഹല നേരത്തെ പറഞ്ഞിരുന്നു. അധ്യാപിക തസ്തികയിലേക്ക് തനിക്ക് യോഗ്യതയുണ്ട്. എ.എൻ ഷംസീർ എം.എൽ.എയെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത്തരം വേട്ടയാടലുകൾ കൊണ്ട് തളർത്താനാവില്ലെന്നും ഷഹല പറഞ്ഞിരുന്നു.


Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News