'പഠനറിപ്പോർട്ട് നൽകിയതിന് ശേഷം ഖനനം മതി'; മറ്റപ്പള്ളിയിലെ മണ്ണെടുപ്പിന് ഹൈക്കോടതി സ്‌റ്റേ
മാനദണ്ഡങ്ങൾ പാലിച്ചാണോ ഇത്രയും നാൾ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് നടത്തിയത് എന്നാണ് കോടതിയെ ബോധിപ്പിക്കേണ്ടത്
ആലപ്പുഴ: ആലപ്പുഴ മറ്റപ്പള്ളി മലയിലെ മണ്ണെടുപ്പ് ഹൈക്കോടതി സ്റ്റേ ചെയ്തു. മണ്ണെടുപ്പ് ജനുവരി നാല് വരെ സ്റ്റേ ചെയ്ത് ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കി. സർക്കാർ പഠനം നടത്തി റിപ്പോർട്ട് നൽകിയ ശേഷം മാത്രമേ ഖനനം അനുവദിക്കൂ എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
പഠനത്തിനായി വ്യവസായ വകുപ്പ് സെക്രട്ടറി സമിതി രൂപീകരിക്കണം. സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചായിരിക്കും ഖനനം സംബന്ധിച്ച് ഹൈക്കോടതി തീരുമാനം എടുക്കുക. പാലയ്ക്കൽ പഞ്ചായത്തിലെ പ്രസിഡന്റ് ഉൾപ്പടെയുള്ളവർ നൽകിയ ഹരജിയിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
മാനദണ്ഡങ്ങൾ പാലിച്ചാണോ ഇത്രയും നാൾ മറ്റപ്പള്ളിയിൽ മണ്ണെടുപ്പ് നടത്തിയത് എന്നാണ് കോടതിയെ ബോധിപ്പിക്കേണ്ടത്. മാർഗനിർദേശങ്ങൾ പാലിക്കാതെയാണ് പ്രദേശത്ത് മണ്ണെടുപ്പ് എന്ന കലക്ടറുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണ് ഇപ്പോൾ മണ്ണെടുപ്പ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
2008 മുതൽ പ്രദേശത്ത് മണ്ണെടുക്കുന്നതിനുള്ള നീക്കം നാട്ടുകാർ എതിർത്തുവരികയാണ്. ദേശീയ പാത നിർമാണത്തിനായാണു പാലയ്ക്കൽ പഞ്ചായത്തിലെ മറ്റപ്പള്ളിയിൽ കുന്നിടിച്ചു മണ്ണെടുക്കാൻ തുടങ്ങിയത്. ഹൈവേ നിർമ്മാണത്തിന്റെ പേരിൽ കൂട്ടിക്കൽ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ് നിലവിൽ മണ്ണെടുക്കുന്നത്. മണ്ണുമായി ഒരൊറ്റ ലോറിയെ പോലും കടത്തിവിടില്ലെന്ന് സമരക്കാർ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. മലകൾ ഇടിച്ചു നിരത്തിയാൽ നാട്ടിൽ രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് നാട്ടുകാർ പറയുന്നു.
മൂന്ന് പഞ്ചായത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള വാട്ടർ ടാങ്ക് മലമുകളിലാണ് സ്ഥാപിച്ചിരിക്കുന്നത്. മണ്ണെടുപ്പ് തുടർന്നാൽ വാട്ടർ ടാങ്ക് തകരും. രൂക്ഷമായ പരിസ്ഥിതി പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന മണ്ണെടുപ്പ് അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.