'ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കണം'; ഉന്നത വിദ്യാഭ്യാസ പരീക്ഷാ പരീക്ഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു
'ക്ലാസ് റൂം ഹാജർ മൂല്യനിർണയ മാനദണ്ഡമാക്കേണ്ട'
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പരീക്ഷാ പരീക്ഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു. ബിരുദ പരീക്ഷകളുടെ ഫലം ഒരു മാസത്തിനകം പ്രസിദ്ധീകരിക്കാനാണ് നിർദേശം. ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിനുള്ളിൽ സർഫിക്കറ്റ് നൽകണം. ക്ലാസ് റൂം ഹാജർ, മൂല്യനിർണയ മാനദണ്ഡമാക്കേണ്ടതില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
സർവകലാശാലകൾ പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കണം. ഏകീകൃത ഗ്രേഡിങ് പാറ്റേൺ വേണം. യുജിസി നിർദേശിച്ച 10 പോയിന്റുള്ള ഗ്രേഡിങ് അനിവാര്യമാണ്. 40 ശതമാനം ഇന്റേണൽ അസെസ്‌മെന്റിൽ 50 ശതമാനം എഴുത്ത് പരീക്ഷയിലൂടെ നടത്തണം. എല്ലാ പരീക്ഷകളുടെയും ഫലം പരീക്ഷ കഴിഞ്ഞ അവസാന തീയതി മുതൽ 30 ദിവസത്തിനകം പ്രസിദ്ധീകരിക്കണമെന്നും റിപ്പോർട്ട് ശിപാർശ ചെയ്യുന്നു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ പഠിച്ച് നിർദേശങ്ങൾ സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മൂന്ന് കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതിലെ പരീക്ഷാ പരീക്ഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങൾ സംബന്ധിച്ച് അമ്പതോളം നിർദേശങ്ങൾ പുറപ്പെടുവിച്ചത്.
പരീക്ഷണ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ട് വിശദമായി പഠിച്ചശേഷം ഒരു മാസത്തിനുള്ളിൽ തന്നെ നടപ്പിലാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു.