പ്രൊവിഡന്‍സ് സ്കൂളിലെ ഹിജാബ് വിലക്ക്: പ്രതിഷേധ മാർച്ച് നടത്തി അറസ്റ്റിലായ എസ്.ഐ.ഒ നേതാക്കള്‍ക്ക് ജാമ്യം
അറസ്റ്റിന് 10 ദിവസത്തിന് ശേഷം കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്
കോഴിക്കോട്: പ്രൊവിഡന്‍സ് സ്കൂളിലെ ഹിജാബ് വിലക്കിനെതിരെ പ്രതിഷേധ മാർച്ച് നടത്തിയതിനെ തുടർന്ന് അറസ്റ്റിലായ എസ്.ഐ.ഒ നേതാക്കള്‍ക്ക് ജാമ്യം. അറസ്റ്റിന് 10 ദിവസത്തിന് ശേഷം കോഴിക്കോട് ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ സഈദ് കടമേരി, കെ.പി തശ്‍രീഫ് എന്നിവരടക്കമുള്ളവരെയാണ് പൊലീസ് കഴിഞ്ഞ 26ന് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിച്ചവർക്ക് എസ്.ഐ.ഒ സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നഗരത്തില്‍ എസ്.ഐ.ഒ പ്രവർത്തകർ പ്രകടനവും നടത്തി.
പ്രൊവിഡന്‍സ് സ്കൂളിലെ ഹിജാബ് വിലക്കിനെ തുടര്‍ന്ന് വിദ്യാര്‍ഥി ടി.സി വാങ്ങി പ്രതിഷേധിച്ചിരുന്നു. മുസ്‍ലിം മതാചാര പ്രകാരം തട്ടമിട്ട് പഠിക്കാന്‍ പ്രൊവിഡന്‍സ് സ്കൂള്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് വിദ്യാര്‍ഥിയുടെ പിതാവ് മുസ്തഫ അമ്മിണിപ്പറമ്പ് പറഞ്ഞു. മകള്‍ക്ക് ഇവിടെ പഠിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിയാണ് ടി.സി വാങ്ങിയതെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
പ്രൊവിഡൻസ് സ്കൂളിലെ ഹിജാബ് വിലക്കിനെ സംബന്ധിച്ച് മുസ്തഫ കഴിഞ്ഞ മാസം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്ക് പരാതി നൽകിയിരുന്നു. മന്ത്രിയെ നേരിൽകണ്ടായിരുന്നു പരാതി അവതരിപ്പിച്ചത്. പരാതിക്കു പിന്നാലെ വിഷയം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയരക്ടർ ജീവൻ ബാബുവിന് നിർദേശം നൽകിയെങ്കിലും ഇക്കാര്യത്തിൽ അനുകൂല നടപടിയുണ്ടായില്ല.