ഇതൊക്കെ ശാഖയിൽ പരിശീലിപ്പിക്കുന്നതാണ്- 'ബുള്ളി ബായ്' മുസ്‌ലിം വിദ്വേഷ പ്രചാരണത്തിനെതിരെ ടിഎൻ പ്രതാപൻ
മുസ്‌ലിം സ്ത്രീകളെ വിദ്വേഷ പ്രചാരണം നടക്കുന്ന 'ബുള്ളി ബായ്' ആപ്പിനു പിന്നിൽ പ്രവർത്തിച്ച എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിലായിട്ടുണ്ട്
'ബുള്ളി ബായ്' എന്ന പേരിലുള്ള ആപ്പിൽ മുസ്‌ലിം സ്ത്രീകളെ 'ഓൺലൈൻ ലേല'ത്തിനു വച്ച് വിദ്വേഷ പ്രചാരണം നടത്തിയ സംഭവത്തിൽ വിമർശനവുമായി ടിഎൻ പ്രതാപൻ എംപി. ഇത്തരം പ്രവർത്തനങ്ങൾക്ക് ശാഖകളിൽ ഹിന്ദുത്വ കാമവെറിയന്മാർക്ക് പരിശീലനം ലഭിക്കുന്നുണ്ടെന്ന് പ്രതാപൻ കുറ്റപ്പെടുത്തി. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതാപന്റെ പ്രതികരണം.
സഫൂറ സർഗാറിന് ഐക്യദാർഢ്യമറിയിച്ചുള്ള ഒരു കുറിപ്പ് ഫേസ്ബുക്കിൽ എഴുതിയത് ഓർക്കുന്നു. ഈ സ്ത്രീവിരുദ്ധ ഹിന്ദുത്വ സൈബർ ഗുണ്ടകൾ അവർക്കെതിരെ നടത്തിയ വൃത്തികെട്ട കമന്റുകളാണ് അതിനടിയിൽ കാണാനായത്. മതപരമായ അധിക്ഷേപങ്ങളും സ്ത്രീവിരുദ്ധതയും വിദ്വേഷവുമെല്ലാമുണ്ടായിരുന്നു അവിടെ. ഹിന്ദുത്വ കാമവെറിയന്മാർക്ക് ഇതിനൊക്കെ ശാഖകളിൽ പരിശീലനം ലഭിക്കുന്നുണ്ട്-ടിഎൻ പ്രതാപൻ ട്വീറ്റ് ചെയ്തു.
Again about #SulliDeals
— T N Prathapan (@tnprathapan) January 4, 2022
I remember when I posted a solidarity note for @SafooraZargar on my FB. I've seen worst comments by these #misogynisticHindutva cyber goons against her. There were religious slurs, misogyny and hate.
Hindutva perverts are trained for these in Sakhas.
അതിനിടെ, ആപ്പിനു പിന്നിൽ പ്രവർത്തിച്ച ഒരു എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിലായിട്ടുണ്ട്. 21കാരനെ മുംബൈ പൊലീസാണ് ബംഗളൂരുവിൽനിന്ന് പിടികൂടിയത്. ഇയാളുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കടുത്ത പ്രതിഷേധത്തെ തുടർന്ന് ബുള്ളി ബായ് ആപ്പ് യൂസറെ ബ്ലോക്ക് ചെയ്തതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങൾ ശേഖരിച്ച് പ്രദർശിപ്പിച്ചാണ് 'ബുള്ളി ബായ്' എന്ന പേരിൽ ആപ്പ് പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് ശേഖരിച്ച് ആപ്പിൽ അപ്‌ലോഡ് ചെയ്ത് അവരെ ലേലത്തിൽ വയ്ക്കുകയായിരുന്നു. ഏറെ കോളിളക്കം സൃഷ്ടിച്ച 'സുള്ളി ഡീൽസി'നു ശേഷമാണ് സമാനമായ രൂപത്തിൽ വിദ്വേഷ പ്രചാരണം വീണ്ടും തുടങ്ങിയത്. സുള്ളി ഡീൽസ് പോലെ ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോമിൽ തന്നെയാണ് ബുള്ളി ബായ് ആപ്പും എത്തിയത്.