ഹിറ്റ് ആൻഡ് റൺ നിയമം: കേരളത്തിലും സമരത്തിനൊരുങ്ങി ലോറി തൊഴിലാളികൾ

ഭാരതീയ ന്യായസംഹിത അനുസരിച്ച് ‘ഹിറ്റ് ആൻഡ് റൺ’ കേസുകളിൽ 10 വർഷം തടവും ഏഴു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ

Update: 2024-01-19 01:41 GMT
Advertising

കർണാടകത്തിന് പിന്നാലെ കേരളത്തിലും സമരത്തിനൊരുങ്ങി ഒരു വിഭാഗം ലോറി തൊഴിലാളികൾ. ഡ്രൈവർമാർക്കും ലോറി ഉടമകൾക്കുമെതിരായ കേന്ദ്ര നിയമം പിൻവലിക്കുക, സംസ്ഥാനത്ത് ലോറി തൊഴിലാളികൾക്ക് വേണ്ട സൗകര്യമൊരുക്കുക എന്നീ ആവശ്യങ്ങളാണ് ഇവർ മുന്നോട്ടുവെക്കുന്നത്.

പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് നീങ്ങുമെന്ന് ആൾ കേരള ലേറി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു. ഭാരതീയ ന്യായ സംഹിത പ്രകാരം മനഃപ്പൂർവമല്ലാത്ത നരഹത്യ കേസുകളിൽ ഡ്രൈവർമാരെയും വാഹന ഉടമകളും നിയമക്കുരുക്കിലേക്ക് തള്ളിവിടുന്നുവെന്നാണ് ഇവരുടെ പ്രധാന ആരോപണം. ഇത് ലോറി തൊഴിലാളികളെ വലിയ രീതിയിൽ ബാധിക്കും.

ദീർഘദൂരയാത്ര നടത്തുന്ന ലോറി തൊഴിലാളികൾക്ക് വിശ്രമത്തിനാവശ്യമുള്ള സൗകര്യങ്ങളില്ല. 2020ൽ നിർത്തലാക്കിയ ക്ഷേമനിധി പുനസ്ഥാപിക്കണമെന്നും ആൾ കേരള ലേറി ഡ്രൈവേഴ്സ് ആൻഡ് ഓണേഴ്സ് അസോസിയേഷൻ പറഞ്ഞു.

കർണാടകയിൽ ആരംഭിച്ച ലോറി സമരം വരും ദിവസങ്ങളിൽ കേരളമുൾപ്പടെയുളള സംസ്ഥാനങ്ങനെ സാരമായി ബാധിക്കാനിരിക്കെയാണ് കേരളത്തിലും ലോറി തൊഴിലാളികൾ പ്രതിഷേധത്തിനൊരുങ്ങുന്നത്. ബുധനാഴ്ച അർധരാത്രിയാണ് കർണാടകയിൽ സമരം തുടങ്ങിയത്. ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്‌സ് അസോസിയേഷനാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

ഭാരതീയ ന്യായസംഹിത അനുസരിച്ച് ‘ഹിറ്റ് ആൻഡ് റൺ’ കേസുകളിൽ 10 വർഷം തടവും ഏഴു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്ന നിയമമാണിതെന്നും ലോറി വ്യവസായം തകരുന്നതിന് ഇത്തരം നിയമങ്ങൾ ഇടയാക്കുമെന്നും ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സി. നവീൻ റെഡ്ഡി പറഞ്ഞു. സംസ്ഥാന അതിർത്തികളിലെ ഗതാഗതവകുപ്പ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കുക, തിരക്കേറിയ സമയങ്ങളിൽ നഗരങ്ങളിൽ ലോറികൾക്കുള്ള പ്രവേശനവിലക്ക് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിച്ചിട്ടുണ്ട്.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News