‘നിങ്ങൾ ക്രിസ്ത്യൻസാണ് ഞാൻ ഹിന്ദുവാണ് എങ്ങനെ ശരിയാവും’എന്ന് പ്രസാദ് ചോദിച്ചിട്ടുണ്ട്; കൊല്ലപ്പെട്ട അരുണിന്റെ ബന്ധു
അരുണിന്റെ കൊലപാതകം ദുരഭിമാനക്കൊലയല്ലെന്നാണ് പൊലീസ് റിപ്പോർട്ട്
കൊല്ലം: കൊല്ലം ഇരട്ടക്കടയിലെ അരുണിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് അമ്മയുടെ സഹോദരി സന്ധ്യ. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാറിനെ കൊലപ്പെടുത്തിയ കേസിൽ പെൺകുട്ടിയുടെ പിതാവ് ഇരവിപുരം ശരവണനഗർ വെളിയിൽ വീട്ടിൽ പ്രസാദ് (46) പൊലീസിൽ കീഴടങ്ങി. ഇരവിപുരം സ്വദേശികളായ പെൺകുട്ടിയും അരുണും തമ്മിലുള്ള പ്രണയം പെൺകുട്ടിയുടെ അച്ഛൻ പ്രസാദ് എതിർത്തിരുന്നു. രണ്ട് സമുദായമാണെന്ന് പറഞ്ഞായിരുന്നു പ്രസാദ് എതിർത്തിരുന്നത്. പലകുറി പ്രസാദ് ഞങ്ങളുടെ മതവും ജാതിയും എടുത്തുപറഞ്ഞു സംസാരിച്ചിരുന്നതായി അരുണിന്റെ വല്യമ്മ പറഞ്ഞു. നിങ്ങൾ ക്രിസ്ത്യൻസാണ് മുക്കുവരാണ് ഞാൻ ഹിന്ദുവാണ് എങ്ങനെ ശരിയാവും എന്ന് പലകുറി പ്രസാദ് ചോദിച്ചിട്ടുണ്ട്.
പ്രസാദിന്റെ മകളും അരുണും തമ്മിൽ ഏട്ടാം ക്ലാസിൽ തുടങ്ങിയ പ്രണയമാണ്. ഇതിന് പിന്നാലെ പ്രസാദ് പലതവണ വീട്ടിൽ വന്ന് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. പിന്നീട് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞു. എന്നാൽ കുറച്ചു ദിവസങ്ങൾക്കുള്ളിൽ വിവാഹം അനുവദിക്കില്ലെന്ന് പറഞ്ഞ് വീട്ടിലെത്തിയ പ്രസാദ് അരുണിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് സന്ധ്യ പറഞ്ഞു.
ഇതിനിടെ പ്രസാദ് മകളെ ഇരട്ടക്കടയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. അരുൺകുമാർ ഇവിടെയെത്തി പെൺകുട്ടിയെ കാണാൻ ശ്രമിച്ചതിനെ തുടർന്ന് അരുണും പ്രസാദും തമ്മിൽ ഫോണിലൂടെ വാക്ക് തർക്കമുണ്ടായിരുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാനെന്ന പേരിൽ അരുണിനെ ഇരട്ടക്കടയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു പ്രസാദ്. അവിടെ വെച്ചുണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രസാദ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും സന്ധ്യ പറഞ്ഞു.
അതേസമയം, അരുണിന്റെ കൊലപാതകം ദുരഭിമാനക്കൊലയല്ലെന്ന് പൊലീസ്. മകളുമായുള്ള ബന്ധം വിലക്കിയിട്ടും അരുൺ തുടർന്നാണ് കൊലപാതകത്തിന് കാരണം. പ്രസാദ് മദ്യലഹരിയിലാണ് അരുണിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.