ജയസൂര്യ വസ്തുതകൾ മനസിലാക്കി തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു: മന്ത്രി പി.പ്രസാദ്
മാസങ്ങൾക്ക് മുമ്പ് പണം ലഭിച്ച ആളുടെ കാര്യമാണ് ജയസൂര്യ പറഞ്ഞതെന്നും മന്ത്രി
തിരുവനന്തപുരം: നെല്ല് സംഭരിച്ച് കർഷകർക്ക് പണം നൽകിയില്ലെന്ന് നടന്‍ ജയസൂര്യ പറഞ്ഞത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാകാമെന്ന് കൃഷി മന്ത്രി പി.പ്രസാദ്. വസ്തുതകൾ മനസിലാക്കി നടന്‍ ജയസൂര്യ തെറ്റ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. വിമർശിക്കാൻ എല്ലാവർക്കും സ്വതന്ത്രമുണ്ട്. വസ്തുതകൾ മനസിലാക്കുമ്പോൾ തിരുത്തുകയാണ് വേണ്ടതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.
തെറ്റുതിരുത്താതെ പുതിയ വാദങ്ങൾ നിരത്തി പ്രതിരോധിക്കാനുള്ള തത്രപാടിലാണ് ജയസൂര്യയും കൃഷ്ണപ്രസാദും. സർക്കാർ ബാങ്കുകളിൽ നിന്നും കർഷകർക്ക് വായ്പയായി നൽകുന്ന തുക സർക്കാരാണ് തിരിച്ചടക്കുന്നത്. കേന്ദ്ര വിഹിതം ലഭിക്കുന്നതിലുള്ള കാലതാമസമാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, നെല്ല് സംഭരിച്ച പണം നൽകുന്നതിൽ സപ്ലൈകോയ്ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കേരളത്തിലെ കർഷകർക്ക് ലഭിക്കേണ്ട പണം പല കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം വൈകിപ്പിക്കുകയാണ്. വായ്പയായിട്ടാണ് നെല്ല് സംഭരിച്ച തുക നൽകുന്നതെന്ന നടൻ കൃഷ്ണപ്രസാദിന്റെ വാദം തെറ്റാണ്. 637 കോടി രൂപയാണ് കേന്ദ്രം നൽകാനുള്ള കുടിശികയെന്നും ജി ആർ അനിൽ പറഞ്ഞു.