ഹോട്ടലുടമയുടെ കൊലപാതകം: പ്രതികള്‍ ട്രോളി ബാഗുമായി പോകുന്ന ദൃശ്യം പുറത്ത്
പ്രതികള്‍ മൃതദേഹം ട്രോളിയിലാക്കി കാറില്‍ പോയത് മെയ് 19ന് വൈകീട്ട് മൂന്നു മണിയോടെയാണ്
മലപ്പുറം: ഹോട്ടലുടമ സിദ്ദീഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്ന് മലപ്പുറം എസ്.പി. പിടിയിലായ മൂന്നു പേരും കൊലപാതകത്തില്‍ പങ്കാളികളായി. സിദ്ദീഖിന്‍റെ മൃതദേഹം അട്ടപ്പാടി ചുരത്തില്‍ നിന്ന് കണ്ടെത്തി. മൃതദേഹത്തിന് ഏഴു ദിവസം പഴക്കമുണ്ടെന്ന് എസ്.പി അറിയിച്ചു.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ വെച്ചാണ് സിദ്ദീഖിനെ പ്രതികള്‍ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നിട്ട് രണ്ട് ട്രോളി ബാഗുകളിലാക്കിയാണ് മൃതദേഹം അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിച്ചത്. പ്രതികള്‍ ട്രോളി ബാഗുകളുമായി പോകുന്ന ദൃശ്യം മീഡിയവണിന് ലഭിച്ചു. ഒരു പുരുഷനും സ്ത്രീയും ട്രോളി ബാഗ് കാറിലേക്ക് കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മെയ് 19ന് വൈകീട്ട് മൂന്നു മണിയോടെയാണിത്.
കോഴിക്കോട്ടെ ചിക്ക് ബേക്ക് എന്ന ഹോട്ടല്‍ നടത്തുകയായിരുന്നു തിരൂര്‍ സ്വദേശിയായ സിദ്ദീഖ്. സിദ്ദീഖിന്‍റെ ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലി, പെണ്‍സുഹൃത്ത് ഫര്‍സാന, ഫര്‍സാനയുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. വ്യക്തിപരമായ കാരണങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് എസ്.പി പറഞ്ഞു. സിദ്ദീഖിന്‍റെ ഹോട്ടലില്‍ 15 ദിവസം മുന്‍പ് ജോലിക്കെത്തിയ ഷിബിലിയെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് പുറത്താക്കിയതാണെന്ന് ഹോട്ടലിലെ ജീവനക്കാരന്‍ പറഞ്ഞു. ഷിബിലി ജോലി ചെയ്ത ദിവസങ്ങളിലെ കൂലി നല്‍കി പറഞ്ഞുവിട്ട മെയ് 18നാണ് സിദ്ദീഖിനെ കാണാതായതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു.
സിദ്ദീഖിനെ കാണാനില്ലെന്ന് മകന്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സിദ്ദീഖിന്‍റെ ഫോണ്‍ ഓഫായ ശേഷവും എ.ടി.എം കാര്‍ഡ് വഴി പണം പിന്‍വലിച്ചതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഷിബിലി അടക്കം മൂന്ന് പേരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയത്. കൊലയ്ക്ക് കാരണമെന്തെന്നും കൂടുതല്‍ പ്രതികളുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.