'റോഡിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരിച്ചു?'; അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയത്.

Update: 2022-09-18 03:11 GMT
Advertising

സംസ്ഥാനത്തെ റോഡുകളിലെ കുഴികളിൽ വീണ് എത്ര യാത്രക്കാർ മരിച്ചെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരമില്ലെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പരിക്കേറ്റവരുടെ വിവരം പൊതുമരാമത്ത് വകുപ്പിൽ ലഭ്യമല്ലെന്നായിരുന്നു റിയാസിന്‍റെ പ്രസ്താവന. നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കണക്കുകളില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വ്യക്തമാക്കിയത്. കുഴികളിൽ വീണ് അപകടം സംഭവിച്ചവര്‍ക്ക് പൊതുമരാമത്ത് വകുപ്പിൽ നിന്ന് നഷ്ടപരിഹാരം കൊടുക്കാൻ വ്യവസ്ഥകളില്ലെന്നും അദ്ദേഹം അറിയിച്ചു.

NH 183 , NH - 183A, NH-966B, NH-766, NH - 185 എന്നീ ദേശീയപാതകളുടെ നിയന്ത്രണം സംസ്ഥാന പൊതുമരാമത്ത് വകുപ്പിനാണെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

Full View

അതേസമയം സംസ്ഥാനത്തെ അതിതീവ്ര മഴ കാരണം ഈ വർഷം പൊതുമരാമത്ത് വകുപ്പിന് 300 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്‍റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് വകുപ്പിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് മന്ത്രിയോട് പരാതികൾ പറയാനുള്ള 'റിങ് റോഡ്' ഫോൺ-ഇൻ പരിപാടിക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഒരാഴ്ച ലഭിക്കേണ്ട മഴ ഇപ്പോൾ ഒന്നുരണ്ട് ദിവസത്തിൽ കിട്ടുന്ന അവസ്ഥയാണ്. അതിതീവ്ര മഴയുടെ അളവ് ഉൾക്കൊള്ളാൻ ഭൂമിക്കും റോഡിന്‍റെ ഇരുവശത്തുമുള്ള ഓവുചാലുകൾക്കും കഴിയാതെ വരുമ്പോള്‍ റോഡുകൾ തകരുന്നു. ഇക്കാര്യം നാം ഗൗരവപൂർവം ചർച്ച ചെയ്യണം. ഭാവിയിൽ പുതിയ സാങ്കേതികവിദ്യ റോഡ് നിർമാണത്തിനായി ഉപയോഗപ്പെടുത്തി ശാശ്വത പരിഹാരം കാണേണ്ടതുണ്ട്. ഉദ്യോഗസ്ഥരിലെ ചെറിയൊരുവിഭാഗം തെറ്റായ പ്രവർത്തനങ്ങൾ പിന്തുടരുന്നുണ്ട്. ഇതുവെച്ച് മൊത്തം വകുപ്പ് പ്രശ്‌നമാണെന്ന് പ്രചാരണം നടത്തുന്നത് ശരിയല്ല. തെറ്റായ പ്രവണതകൾക്കെതിരെ നടപടി സ്വീകരിക്കും. പൊതുമരാമത്ത് റോഡ് നിർമാണത്തിലോ അറ്റകുറ്റപ്പണിയിലോ വിജിലൻസ് ക്രമക്കേട് കണ്ടെത്തിയാൽ അത് ഗൗരവമായി കണ്ട് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News