മുക്കാൽ ഭാഗം മാത്രം ചുമരുള്ള ഇടുങ്ങിയ മുറിയിൽ സജിതയെ എങ്ങനെ പത്തു വർഷം ഒളിപ്പിച്ചു? അടിമുടി ദുരൂഹത
"'മൂന്നു വർഷത്തിന് മുമ്പ് ഞങ്ങൾ ഈ മുറിക്കകത്ത് കയറിയിട്ടുണ്ട്. മേൽക്കൂര പൊളിക്കുന്ന വേളയിലായിരുന്നു അത്"
പാലക്കാട്: സജിതയെ പത്തുവർഷം മുറിയിൽ ഒളിച്ചു താമസിപ്പിച്ചെന്ന റഹ്‌മാന്റെ അവകാശവാദത്തിൽ അടിമുടി ദുരൂഹത. മുകളിൽ ഒറ്റ മേൽക്കൂരയുള്ള, മുക്കാൽ ഭാഗം ചുമരുള്ള ചെറിയ മുറിയിലാണ് സജിത പത്തുവർഷം താമസിച്ചുവെന്ന് പറയുന്നത്. ആരെങ്കിലും ഈ മുറിയിൽ ഉണ്ടായിരുന്നു എങ്കിൽ തങ്ങൾ അറിയുമായിരുന്നു എന്നാണ് റഹ്‌മാന്റെ മാതാപിതിക്കളായ മുഹമ്മദ് കരീം, ആതിഖ എന്നിവർ പറയുന്നത്. സജിത ബാത്ത്‌റൂമിലേക്ക് പോകാൻ ഉപയോഗിച്ചു എന്ന് പറയുന്ന ജനവാതിലിന്റെ അഴി മൂന്നു മാസം മുമ്പ് മാത്രമാണ് അഴിച്ചുമാറ്റിയത് എന്നും അവർ മീഡിയ വണ്ണിനോട് പറഞ്ഞു.
'അവർക്ക് ഇഷ്ടമാണ് എന്നു പറഞ്ഞാൽ ഞങ്ങൾ സമ്മതിക്കുമായിരുന്നു. കാണാതായ വേളയിൽ പൊലീസ് റഹ്‌മാനോട് ഇതേക്കുറിച്ച് ചോദിച്ചിരുന്നു. ഞാൻ കണ്ടിട്ടില്ല കേട്ടിട്ടില്ല എന്നാണ് അന്ന് അവൻ പറഞ്ഞത്. ഞാനാ കുട്ടിയെ അറിയില്ല, കണ്ടിട്ടില്ല എന്നാണ് പത്തു വർഷം മുമ്പ് അവൻ സജിതയുടെ അമ്മയോട് പറഞ്ഞത്. ഇപ്പോൾ അവൻ എന്തിന് ഇങ്ങനെയൊക്കെ പറയുന്നു എന്ന് ഞങ്ങൾക്കറിയില്ല. കുട്ടിയെ എവിടെയെങ്കിലും താമസിപ്പിച്ചോ മറ്റെവിടെയെങ്കിലും അവർ ജോലിക്കു പോയോ എന്നൊന്നും അറിയില്ല. പൊലീസുകാർ വേണ്ട പോലെ അവനോട് കാര്യങ്ങൾ ചോദിച്ചില്ല. ജനലിന്റെ അഴി അവൻ മുറിച്ചെടുത്തതാണ്'- അവർ പറഞ്ഞു.
'മൂന്നു വർഷത്തിന് മുമ്പെ ഞങ്ങൾ ഈ മുറിക്കകത്ത് കയറിയിട്ടുണ്ട്. മേൽക്കൂര പൊളിക്കുന്ന വേളയിലായിരുന്നു അത്. ഇവന്റെ ടേപ്പ് റിക്കാർഡ് ടിവി എന്നിവയൊക്കെ ഇവിടെയുണ്ടായിരുന്നു. ഞങ്ങൾ അപ്പുറത്താണ് കിടക്കുന്നത്. ഒരു തുമ്മലോ, ഒരു ഇല വീണതോ ഞങ്ങൾക്ക് കേൾക്കാം. ശ്വാസം വിടുന്നതു പോലും കേട്ടിട്ടില്ല. അവന്റെ നെഞ്ചത്തടിച്ചുള്ള നിലവിളി മാത്രം കേൾക്കും'- മാതാപിതാക്കൾ കൂട്ടിച്ചേർത്തു.
'ഒരു സ്ത്രീയുടെ ശബ്ദം ഈ നിമിഷം വരെ കേട്ടിട്ടില്ല. കേട്ടാൾ ഞങ്ങൾ നോക്കാതിരിക്കുമോ? അവരെ സ്വീകരിക്കാൻ ഞങ്ങൾക്ക് സമയം വേണം. ഞങ്ങൾക്ക് അവൻ നാണക്കേടുണ്ടാക്കി. അടുത്ത വീട്ടിൽ തുമ്മിയാൽ പോലും ഞങ്ങൾക്ക് കേൾക്കാം. പിന്നെ ഈ വീടിനുള്ളിലേത് കേൾക്കാതിരിക്കുമോ?' - അവർ ചോദിക്കുന്നു.
വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നാണ് റഹ്‌മാന്റെ മാതാപിതാക്കൾ തറപ്പിച്ച് പറയുന്നത്. അതേസമയം, റഹ്‌മാനും സജിതയും അവരുടെ വാദങ്ങളിൽ ഉറച്ചു നിൽക്കുകയാണ്.