മീനുകൾ ചത്തുപൊങ്ങി; എറണാകുളത്ത് പാറമടയിൽ വൻതോതിൽ മാലിന്യം തള്ളിയതായി പരാതി
കഴിഞ്ഞ ദിവസം രാത്രി തള്ളിയ മാലിന്യശേഖരം ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയിരുന്നു
എറണാകുളം: കോതമംഗലം വാരപ്പെട്ടിയിൽ പാറമടയിൽ വൻതോതിൽ മാലിന്യം തള്ളിയതായി പരാതി. മാലിന്യം തള്ളിയതോടെ കുടിവെള്ള സ്രോതസുകൾ മലിനമായെന്നും മീനുകൾ ചത്തുപൊങ്ങിയെന്നും നാട്ടുകാർ പറയുന്നു.
വാരപ്പെട്ടി പത്താം വാർഡിൽ എട്ടാം മൈൽ - ചെരമ റോഡിൻ്റെ ഭാഗത്തുള്ള പാറമടകൾ കേന്ദ്രീകരിച്ച് വൻതോതിൽ മാലിന്യം തള്ളുന്നതയാണ് പരാതി. വിവിധയിനത്തിൽപ്പെട്ട നൂറുകണക്കിന് മത്സ്യങ്ങൾ കഴിഞ്ഞ ദിവസം ചത്തുപൊങ്ങിയിരുന്നു. ഇത് രാത്രിയുടെ മറവിൽ രാസമാലിന്യം അടക്കം തള്ളിയതോടെയാണെന്നാണ് പ്രദേശവാസികളുടെ പരാതി.
വാരപ്പെട്ടി പഞ്ചായത്തിലെ മുഖ്യ കുടിവെള്ള സ്രോതസാണ് ഇവിടെയുള്ള പാറമടകൾ. മറ്റൊരു പാറമടയോട് ചേർന്ന് കഴിഞ്ഞ ദിവസം രാത്രി തള്ളിയ വൻ മാലിന്യശേഖരം വിവാദമായതിനെ തുടർന്ന് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്ത് മൂടിയിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ അറിയിച്ചു.