കാട്ടാന ചവിട്ടിക്കൊന്ന പോളിന് ചികിത്സ നിഷേധിച്ചതായി പരാതി; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
സർക്കാർ പ്രഖ്യാപിച്ച നഷടപരിഹാരം സംബന്ധിച്ച് രേഖാമൂലം കുടുംബത്തെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.
വയനാട് : കാട്ടാനയുടെ ചവിട്ടേറ്റ വനം വകുപ്പ് വാച്ചറുടെ മരണത്തിൽ യഥാസമയം ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ കലക്ടറും വയനാട് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടും ആക്രമണത്തെകുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
കുറുവ ദ്വീപ് ഇക്കോടൂറിസം കേന്ദ്രത്തിലെ ഗൈഡ് വാച്ചർ പാക്കം വെള്ളച്ചാലിൽ പോൾ ആണ് മരിച്ചത്. 9.40ന് പോളിനെ മാനന്തവാടി ആശുപത്രിയിലെത്തിച്ചെന്നാണ് മകൾ സോന പോൾ പറഞ്ഞത്. എന്നിട്ടും ഒരു മണിക്കാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയതെന്ന് മകൾ പറഞ്ഞു. യഥാസമയം ചികിത്സ നൽകിയിരുന്നെങ്കിൽ പിതാവ് മരിക്കുകയില്ലായിരുന്നുവെന്ന് മകൾ പറഞ്ഞു. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൗകര്യം ഇല്ലായിരുന്നെങ്കിൽ നേരത്തെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാമായിരുന്നില്ലേ എന്നും മകൾ ചോദിക്കുന്നു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അടുത്ത മാസം വയനാട്ടിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.
അതേസമയം വയനാട്ടിൽ വന്യജീവി ആക്രമണം തുടരുന്നതിൽ നാട്ടുകാരുടെ വൻ പ്രതിഷേധം തുടരുകയാണ്. പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചെങ്കിലും ആംബുലൻസിൽനിന്ന് പുറത്തിറക്കാൻ നാട്ടുകാർ അനുവദിച്ചിട്ടില്ല. കുടുംബത്തിന്റെ പ്രതിനിധികൾ ഇല്ലാതെയാണ് പഞ്ചായത്ത് ഓഫീസിൽ ചർച്ച നടത്തിയത്. എന്തൊക്കെ ആനുകൂല്യങ്ങളാണ് കുടുംബത്തിന് പ്രഖ്യാപിച്ചത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലാതെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.