തിരു. മെഡിക്കൽ കോളേജ് ലാബിൽ കാലാവധി കഴിഞ്ഞ ഉപകരണങ്ങൾ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

എച്ച്ഡിഎസ് ലബോറട്ടറിയിൽ ഉപയോഗിക്കുന്ന പരിശോധനാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും കാലാവധി കഴിഞ്ഞതാണെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി

Update: 2021-06-21 12:07 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിലെ ഉപകരണങ്ങൾ കാലാവധി കഴിഞ്ഞതാണെന്ന പരാതിയെക്കുറിച്ച് അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. എച്ച്ഡിഎസ് ലബോറട്ടറിയിൽ ഉപയോഗിക്കുന്ന പരിശോധനാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടെയും കാലാവധി കഴിഞ്ഞതാണെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.

അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു. ഗുരുതര അനാസ്ഥ വെളിപ്പെടുത്തുന്ന ലാബ് ജീവനക്കാരുടെ ശബ്ദസന്ദേശം പുറത്തായിരുന്നു. മെഷീനിൽ ലോഡ് ചെയ്യുന്ന 30 പരിശോധനാ കിറ്റുകളിൽ 25 എണ്ണവും കാലാവധി കഴിഞ്ഞതാണെന്നാണ് വെളിപ്പെടുത്തൽ. 25,000 മുതൽ ഒരു ലക്ഷം രൂപ വരെയാണ് ഓരോ പരിശോധനാ കിറ്റുകളുടെയും വില. മലേറിയ പോലുള്ള രോഗങ്ങളുടെ പരിശോധനാ കിറ്റുകളുടെ കാലാവധി കഴിഞ്ഞതായും പരാതിയുണ്ട്. മൂന്ന് മെഷീനുകളുടെ ഉപയോഗ കാലാവധി കഴിഞ്ഞിട്ടും മാറ്റിയിട്ടില്ല.

2011ൽ സ്ഥാപിക്കുകയും 2016ൽ ഉപയോഗ കാലാവധി അവസാനിക്കുകയും ചെയ്ത രണ്ട് ബയോ കെമിക്കൽ അനലൈസറും ഒരു ഹോർമോൺ അനലൈസറും മാറ്റിയിട്ടില്ല. എസിആർ ലാബിൽനിന്ന് കാലപ്പഴക്കം കാരണം ഒഴിവാക്കിയ ഇന്റഗ്രേറ്റഡ് അനലൈസർ എച്ച്ഡിഎസ് ലാബിൽ സ്ഥാപിച്ചു. പർച്ചേസ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് മെഷീനുകൾ വാങ്ങിക്കൂട്ടിയതെന്നും പരാതിയിൽ പറയുന്നു. 90 ശതമാനം പരിശോധനകളും നടക്കുന്നത് കാലഹരണപ്പെട്ട മെഷീനുകളിലാണെന്നാണ് പരാതി.

പ്രതിദിനം രണ്ടായിരത്തോളം സാമ്പിളുകൾ എത്തുന്ന ലാബിൽ ഉപയോഗിച്ചുവരുന്ന കാലാവധി കഴിഞ്ഞ മെഷീനുകൾ പരിശോധനയിലെ കൃത്യതയെ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്. നിർധന രോഗികളെയാണ് ഇത് ഗുരുതരമായി ബാധിക്കുന്നതെന്ന് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം, മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News