'കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെ'; പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരണം
പരിശോധനയ്ക്കായി ബന്ധുക്കളുടേത് ഉൾപ്പെടെയുള്ള ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു
പത്തനംതിട്ട: ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേത് തന്നെയെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരണം. പരിശോധനയ്ക്കായി ബന്ധുക്കളുടേത് ഉൾപ്പെടെയുള്ള ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. അതേസമയം മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്ടങ്ങൾ പൊലീസിനു വിട്ടുകൊടുക്കും.
പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മാംസം കൊല്ലപ്പെട്ട പത്മത്തിന്റെ ശരീര ഭാഗങ്ങളാണെന്നാണ് കരുതപ്പെടുന്നത്. തിങ്കളാഴ്ച ഇലന്തൂരിൽ നടന്ന പരിശോധനയിലാണ് മാംസം കണ്ടെത്തിയത്. എന്നാൽ, കണ്ടെത്തിയത് മാംസമാണെന്ന് ഇപ്പോഴാണ് സ്ഥിരീകരിക്കുന്നത്. പാചകം ചെയ്തു കഴിക്കുന്നതിനു വേണ്ടി പ്രതികൾ സൂക്ഷിച്ചതാണ് ഇതെന്നാണ് പൊലീസ് സംശയിക്കുന്നത്. നരബലിക്കുശേഷം റോസ്ലിന്റെ ശരീരഭാഗങ്ങൾ പാചകം ചെയ്തു കഴിച്ചിരുന്നതായി പ്രതി ലൈല നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ, പത്മത്തിന്റെ ശരീരഭാഗങ്ങൾ ഭക്ഷിച്ചിരുന്നില്ലെന്നും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും ഇവർ മൊഴി നൽകിയിട്ടുണ്ട്.