കേരളത്തിലും 'നരബലി'! രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്
ബലി നടന്നത് തിരുവല്ല സ്വദേശികളായ ദമ്പതികൾക്കുവേണ്ടി
കൊച്ചി: കേരളത്തിലും നരബലി നടന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. ബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ തലയറുത്തു കൊന്നതായാണ് പുറത്തുവരുന്ന വിവരം. തിരുവല്ലയിലെ ദമ്പതികൾക്കുവേണ്ടിയാണ് പെരുമ്പാവൂരിൽനിന്നുള്ള ഏജന്റ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഏജന്റിനെയും ദമ്പതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നരബലിക്കിരയായ സ്ത്രീകളിൽ ഒരാളുടെ മൃതദേഹം പത്തനംതിട്ട ഇലന്തൂരിൽ കുഴിച്ചിട്ടിരിക്കുകയാണ്. കൊച്ചി പൊന്നുരുന്നി സ്വദേശിയായ പത്മം, കാലടി സ്വദേശി റോസ്ലിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവർക്കു വേണ്ടിയാണ് പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്ന പേരില്‍ അറിയപ്പെടുന്ന റഷീദ് ആണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. ഭഗവല്‍ ആഭിചാരക്രിയ നടത്തുന്നയാളാണ്. തലയറുത്താണ് കൊല നടത്തിയത്. ശേഷം മൃതദേഹങ്ങൾ കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
ലോട്ടറി വിൽപനയ്ക്കാരാണ് പത്മം. കഴിഞ്ഞ മാസം 26നായിരുന്നു ഇവരെ കാണാതായത്. തുടർന്ന് മകൻ നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സ്ത്രീയുടെ ഫോൺ നമ്പർ ലൊക്കേഷൻ പിന്തുടർന്നായിരുന്നു പൊലീസ് സംഭവത്തിന്റെ ചുരുളഴിച്ചത്.
ഐശ്വര്യവും സമ്പത്തും ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പത്മത്തെ ഏജന്റ് തിരുവല്ലയിൽ എത്തിച്ചത്. റോസ്ലിനെ മറ്റൊരു കാരണം പറഞ്ഞാണ് ഇവിടെയെത്തിച്ചത്. തുടർന്ന് ഇവിടെ വച്ച് പൂജ നടത്തിയാണ് കൊല നടന്നത്.
Summary: 'Human sacrifice' in Kerala; Two women were killed