പല പേരിൽ പലയിടങ്ങളിൽ; നരബലിക്കേസ് പ്രതി ഷാഫി കൊച്ചിയിലെത്തിയത് കോലഞ്ചേരി പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം
2020ൽ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഷാഫിയെന്ന ക്രിമിനലിനെ പെരുമ്പാവൂരുകാർ തിരിച്ചറിയുന്നത്
കൊച്ചി: നരബലി കേസിലെ മുഖ്യപ്രതി ഷാഫി എറണാകുളം ജില്ലയിൽ വിവിധ ഇടങ്ങളിൽ താമസിച്ചത് പല പേരുകളിലെന്ന് സംശയം. ഇടുക്കി സ്വദേശിയാണെന്ന് പരിചയപ്പെടുത്തിയാണ് പെരുമ്പാവൂരിൽ പലയിടത്തും താമസിച്ചത്. കോലഞ്ചേരി പീഡനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇയാൾ കൊച്ചി നഗരത്തിലേക്ക് താമസം മാറ്റിയത്. 2020ൽ കോലഞ്ചേരിയിൽ മാനസിക വൈകല്യമുളള വൃദ്ധയെ അതിക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിയായതോടെയാണ് ഷാഫിയെന്ന ക്രിമിനലിനെ പെരുമ്പാവൂരുകാർ തിരിച്ചറിയുന്നത്. കണ്ടന്തറയിൽ 2008 മുതൽ 11 വരെ വാടകവീട്ടിൽ താമസിച്ചരുന്നത് ഭാര്യയും രണ്ട് മക്കളുമൊത്തായിരുന്നു. തൊട്ടടുത്ത് ഒരു സർവീസ് സെന്ററിൽ ജോലിക്കാരനായാണ് അന്ന് താമസിക്കാനെത്തിയത്.
വാഴക്കുളത്തേക്ക് താമസം മാറിയപ്പോഴും അവിടെയുളള വീട്ടുടമയ്ക്കും ഇയാളെക്കുറിച്ച് മോശമായ അഭിപ്രായങ്ങളില്ല. പിന്നീട് ചെമ്പറക്കിയിലേക്ക് താമസം മാറ്റി. ഡ്രൈവറായി വിവിധ ഇടങ്ങളിൽ ജോലിചെയ്തു. അവിടെ വെച്ചാണ് 2020ൽ കോലഞ്ചേരി പീഡനക്കേസിൽ പ്രതിയാകുന്നത്. 2021ൽ ജാമ്യത്തിലിറങ്ങിയ ഷാഫി പിന്നീട് കൊച്ചി നഗരത്തിലേക്ക് കൂടുമാറി.
ആറ് മാസം മുൻപാണ് ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈൽ വഴി മുഹമ്മദ് ഷാഫി ഭഗവൽ സിങിനെ പരിചയപ്പെടുന്നത്. അഭിവൃദ്ധിക്കും സാമ്പത്തിക നേട്ടത്തിനും നരബലിയാണ് പരിഹാരമെന്ന് വിശ്വസിപ്പിച്ചു. ലോട്ടറി കച്ചവടക്കാരായ പത്മത്തിനെയും റോസ്‍ലിനെയും കണ്ടെത്തി ഇലന്തൂരിൽ എത്തിച്ചതും ഷാഫി തന്നെയാണ് പിന്നീട് നടന്നത് മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ്. ഭഗവൽ സിങും ഭാര്യ ലൈലയും ഷാഫിയോടൊപ്പം അറസ്റ്റിലായെങ്കിലും കേസിൽ ഇനിയും പ്രതികളുണ്ടാകാം എന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സമീപകാലത്തായി കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് വിപുലമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.
ഇന്നലെയാണ് കേരളമനസാക്ഷിയെ ഞെട്ടിച്ച നരബലിക്കേസ് പുറത്ത് വന്നത്. രണ്ട് സ്ത്രീകളെ കാണാനില്ലെന്ന പരാതിയിന്മേൽ നടത്തിയ വിശദമായ അന്വേഷണമാണ് നരബലിക്കേസിലേക്ക് അന്വേഷണ സംഘത്തെ എത്തിക്കുന്നത്. മൂന്ന് പ്രതികൾ ആസൂത്രണം ചെയ്തു നടത്തിയ കൊല നരബലിയാണന്നും സംഭവം നടന്നത് പത്തനംതിട്ടയിലാണന്നും ദിവസങ്ങൾക്കകം പൊലീസ് സ്ഥിരീകരിച്ചു. രണ്ട് ദിവസം മുമ്പ് അതീവ രഹസ്യമായി പത്തനംതിട്ടയിലെത്തിയ ഉദ്യോഗസ്ഥർ പ്രതികളായ ഭഗവല്‍ സിങിനെയും ഭാര്യ ലൈലയെയും ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കുറ്റം സമ്മതിച്ച മുഖ്യ ആസൂത്രകൻ ഷാഫി അടക്കമുള്ള പ്രതികളുമായി ഇന്നലെ പൊലീസ് ഇലന്തൂരിലെത്തി . തുടർന്ന് 13 മണിക്കൂറിലേറെ സമയമെടുത്താണ് കേസിലെ പ്രധാന തെളിവുകളായ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.