നൂറു ദിനം പിന്നിട്ട് രണ്ടാം പിണറായി സർക്കാർ; പ്രധാന വെല്ലുവിളിയായി കോവിഡ്

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ മൂന്നാം തരംഗം ഒക്ടോബറിൽ എത്തുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.

Update: 2021-08-25 04:53 GMT
Editor : Suhail | By : Web Desk
Advertising

രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ് നൂറ് ദിവസത്തിലേക്ക് എത്തുമ്പോഴും ഗവൺമെന്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിരോധം. രണ്ടാം തരംഗം തീവ്രമായ സമയത്തും പിടിച്ച് നിർത്താൻ കഴിഞ്ഞുവെന്ന് വിലയിരുത്തുമ്പോഴും രാജ്യത്ത് ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതിൽ പകുതിലധികം കേസുകളും കേരളത്തിലാണ്. നിയന്ത്രങ്ങളിലൂടെ രോഗത്തെ നിയന്ത്രിക്കാൻ ശ്രമിക്കുമ്പോഴും അത് പൂർണ്ണതോതിൽ ഫലപ്രാപ്തിയിലെത്തുന്നില്ല എന്നതാണ് വസ്തുത.

ആദ്യ പിണറായി സർക്കാരിൻ്റെ അവസാന രണ്ട് വർഷം നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു കോവിഡ് പ്രതിരോധം. സർക്കാരിൻ്റെ തുടർച്ചയുണ്ടായപ്പോഴും പ്രതിസന്ധിക്കും മാറ്റമുണ്ടായില്ല. സർക്കാർ വന്നതിന് പിന്നാലെ ഒന്നര മാസത്തോളം ലോക്ക്ഡൗൺ ഏർപ്പെടുത്തി കോവിഡിനെ പ്രതിരോധിക്കാൻ ശ്രമിച്ചു. 30 വരെ എത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 വരെ എത്തിച്ചെങ്കിലും ഇളവുകൾ നൽകിയതോടെ വീണ്ടും അത് വർധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അത് 17 വരെ എത്തി.

മാത്രമല്ല മൂന്നാം തരംഗം ഒക്ടോബറിൽ എത്തുമെന്ന ഭീഷണിയും നിലനിൽക്കുന്നു. ഓണത്തിരക്ക് കഴിയുന്നതോടെ വരും ദിവസങ്ങളിൽ അത് വർധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദർ തന്നെ വ്യക്തമാക്കുന്നത്.

എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകാൻ കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കുമെന്നത് കൊണ്ട് നിയന്ത്രങ്ങൾ സർക്കാരിന് തുടരേണ്ടി വരും. കോവിഡ് മരണങ്ങൾ സർക്കാർ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നില്ല എന്നതടക്കമുള്ള വിമർശനങ്ങൾ സർക്കാരിനെ ഇപ്പോഴും പ്രതിക്കൂട്ടിൽ നിർത്തുകയാണ്.

കോവിഡ് കാലത്തെ ജനക്ഷേമപദ്ധതികളും ഇടപെടലുകളും ഭരണത്തുടർച്ചക്ക് കാരണമായത് കൊണ്ട് രണ്ടാം പിണറായി സർക്കാരിൻ്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് കോവിഡ് പ്രതിരോധം. മൂന്നാം തരംഗമെന്ന വെല്ലുവിളി മുന്നിൽ കണ്ട് തയ്യാറാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ ഭരണത്തുടർച്ചയുടെ വിലയിരുത്തൽ കൂടിയാകും.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News