മോക്ക ചുഴലിക്കാറ്റ് വരുന്നു; സംസ്ഥാനത്ത് മഴ കനക്കും
മെയ് 11ന് ശക്തമായ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
Update: 2023-05-09 05:17 GMT
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു. നാളെയോടെ ന്യൂനമർദം ചുഴലിക്കാറ്റായി മാറി ശക്തി പ്രാപിക്കാൻ സാധ്യത. ഇതിനുശേഷം ആൻഡമാൻ കടലിന് സമീപത്തുവച്ച് മോക്ക ചുഴലിക്കാറ്റായി മാറും
ഇതിനെ തുടർന്ന് സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മെയ് 11ന് ശക്തമായ മഴ വ്യാപകമായി ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 12ആം തീയതി ചുഴലിക്കാറ്റിന്റെ ദിശ മാറി ബംഗ്ളാദേശ് മ്യാൻമർ തീരത്തേക്ക് നീങ്ങാനുള്ള സാധ്യതയാണ് നിലനിൽക്കുന്നതെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്.
ഇന്നലത്തെ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് രണ്ടുജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.