'ഞാൻ കോളജ് അധ്യാപകനാണ്, നീ സ്‌കൂൾ അധ്യാപകൻ': ടി.വി ഇബ്രാഹീമിനോട് കെ.ടി ജലീൽ, പരാമർശം സ്വകാര്യ സർവകലാശാല ബിൽ ചർച്ചയിൽ
ഒരു നിയമസഭാ സാമാജികനായി വന്നാൽ അയാളുടെ യോഗ്യതയും മറ്റുമൊന്നും അല്ല നോക്കേണ്ടത്. ഞാൻ ഏതായാലും വ്യാജ ഡോക്ടർ അല്ലെന്നും ടി.വി ഇബ്രാഹിം


തിരുവനന്തപുരം: സ്വകാര്യസർവകലാശാലാ ബില്ലിന്റെ ചർച്ചയ്ക്കിടെ മുസ്‌ലിം ലീഗിലെ ടി.വി ഇബ്രാഹിമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി കെ.ടി ജലീല്‍. ഇന്നലെ( തിങ്കളാഴ്ച) നടന്ന ചര്‍ച്ചയിലാണ് ടി.വി ഇബ്രാഹിമിന്റെ 'യോഗ്യത' ജലീല്‍ എടുത്തിട്ടത്.
'' ഇബ്രാഹിം പറഞ്ഞതുപോലെയല്ല ഇത്, ഞാനൊരു കോളജ് അധ്യാപകനാണ് നീ ഒരു സ്‌കൂൾ അധ്യാപകനാണ്''- ഇങ്ങനെയായിരുന്നു കെ.ടി ജലീലിന്റെ പരാമർശം. ഈ പരാമർശത്തിന് ടി.വി ഇബ്രാഹിം തന്നെ മറുപടി പറയുന്നുമുണ്ട്.
'' ഒരു നിയമസഭാ സാമാജികനായി വന്നാൽ അയാളുടെ യോഗ്യതയും മറ്റുമൊന്നും അല്ല നോക്കേണ്ടത്. ഞാൻ ഏതായാലും വ്യാജ ഡോക്ടർ അല്ല. വ്യാജ ഡോക്ടറേറ്റ് എടുത്തിട്ടും ഇല്ല, ഇത്തരം പരാമർശം ആളെ അധിക്ഷേപിക്കുന്നത് പോലെയാണ്''- എന്നായിരുന്നു ടി.വി ഇബ്രാഹിമിന്റെ മറുപടി.
ഇതിന് ശേഷമാണ് കെ.ടി ജലീലിനെതിരെ സ്പീക്കർ എ.എൻ ശംസീർ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കുന്നത്. ജലീൽ സമയപരിധി പാലിക്കാത്തതും മൈക്ക് ഓഫ് ചെയ്ത ശേഷവും പ്രസംഗം തുടർന്നതുമാണ് സ്പീക്കറെ കുപിതനാക്കിയത്. ജലീൽ ചെയറിനെ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിർത്താത്തത് ധിക്കാരമാണെന്നും സ്പീക്കർ ശാസിച്ചിരുന്നു.
കെ.ടി. ജലീലിന് പ്രത്യേക പ്രിവിലേജൊന്നും സഭയിലില്ലെന്നും സ്പീക്കര്‍ മറുപടി നല്‍കിയിരുന്നു.