'ഒരു ദുരിതബാധിതനും കണ്ണീരണിഞ്ഞ് പോകേണ്ടി വരില്ല'; മുണ്ടക്കൈ ടൗൺഷിപ്പിലെ വീടുനിര്‍മാണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കുമെന്ന് മന്ത്രി കെ.രാജന്‍
പ്രവർത്തനങ്ങളിൽ ഒന്നിൻ്റെ പേരിലും കാലതാമസം ഉണ്ടാകില്ലെന്നും മന്ത്രി മീഡിയവണിനോട്


വയനാട്:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കുള്ള ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഈ സാമ്പത്തിക വർഷം പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍.നഷ്ടപ്പെട്ട ഭൗതിക സാഹചര്യങ്ങൾ തിരിച്ചു നൽകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കെ.രാജന്‍ മീഡിയവണിനോട് പറഞ്ഞു.
'ദൈവം പിരിച്ച ഞങ്ങളെ, ഇനി നിങ്ങൾ പലതായി പിരിക്കരുത് എന്നാണ് അന്ന് ദുരിതബാധിതര്‍ പറഞ്ഞത്, പഴയ ഗ്രാമത്തിന്‍റെ ചിന്തയിലേക്കും അന്തരീക്ഷത്തിലേക്കും അവരെ എത്തിക്കുന്നതാണ് ടൗൺഷിപ്പ്. പുനരധിവാസം ഒരു സ്ഥലത്ത് വേണമെന്നാവശ്യം സർക്കാർ നടപടികളുടെ വേഗം കൂട്ടി. പ്രവർത്തനങ്ങളിൽ ഒന്നിൻ്റെ പേരിലും കാലതാമസം ഉണ്ടാകില്ല.മുൻഗണന പ്രകാരമുള്ള ഗുണഭോക്താക്കളുട പട്ടികയാണ് നിലവിൽ തയ്യാറാക്കിയത്.ഒരു ദുരിതബാധിതനും കണ്ണീരണിഞ്ഞ് പോകേണ്ടി വരില്ല.സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് പുറത്തുള്ള പരാതികളും പരിഗണിക്കും.എല്ലാ പരാതികളും പരിശോധിച്ച് നടപടി ഉണ്ടാകും എല്ലാവരും ചേർന്ന് നിന്നുള്ള പദ്ധതിയാണ് മുണ്ടക്കൈയിൽ വേണ്ടത്..' മന്ത്രി പറഞ്ഞു.
മുണ്ടക്കൈ - ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സർക്കാർ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. വൈകുന്നേരം നാലുമണിയോടെ കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് പരിപാടി. പ്രിയങ്കാ ഗാന്ധി എംപി,റവന്യൂ മന്ത്രി കെ.രാജൻ, പ്രതിപക്ഷനേതാവ് വി.ഡി സതീശൻ , പി.കെ കുഞ്ഞാലിക്കുട്ടി, വിവിധ മന്ത്രിമാർ ജില്ലയിൽ നിന്നുള്ള എംഎൽഎമാർ, മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെല്ലാം ചടങ്ങിന്റെ ഭാഗമാകും.
7 സെന്റിൽ 1,000 ചതുരശ്രയടിയില്‍ ഒറ്റ നിലയിലാണ് വീടുകൾ ഒരുങ്ങുക. ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതു മാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്റര്‍ തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗൺഷിപ്പ് വിഭാവനം ചെയ്യുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് വ്യവസ്ഥ. വീടിനായി 175 പേരാണ് നിലവിൽ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 67 പേർ വീടിന് പകരം നൽകുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും തെരഞ്ഞെടുത്തു. ഇതോടെ ഒന്നാംഘട്ട ഗുണഭോക്തൃ പട്ടികയിലെ മുഴുവൻ പേരും സമ്മതപത്രം നൽകി കഴിഞ്ഞു. ഉരുൾ ദുരന്തം കഴിഞ്ഞ് എട്ടുമാസം പിന്നിടുമ്പോഴാണ് സർക്കാർ ടൗൺഷിപ്പിന് തറക്കല്ലിടുന്നത്.