''ദൃശ്യങ്ങള്‍ കൈമാറിയ വിഐപി ഞാനല്ല; ദിലീപുമായി ബിസിനസ് ബന്ധം മാത്രം''- പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല
''ഇക്ക എന്നായിരുന്നു ദിലീപ് വിളിച്ചത്. പെന്‍ഡ്രൈവ് കൈമാറാനുള്ള ബന്ധം ഞങ്ങള്‍ തമ്മിലില്ല. പെന്‍ഡ്രൈവ് കൊടുത്തിട്ടുമില്ല...''
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചുനൽകിയ വിഐപി താനല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ് അബ്ദുല്ല. മൂന്നു വർഷം മുൻപ് ഖത്തറിൽ 'ദേ പുട്ട്' തുടങ്ങാനാണ് ആദ്യമായി ദിലീപിനെ കാണുന്നതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ പറ്റും. ബാക്കി അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ. മൂന്ന് വർഷംമുൻപ് ദിലീപിനെ കണ്ടിരുന്നു. മൂന്നു വർഷം മുൻപ് ദേ പുട്ട് ഖത്തറിൽ ഉദ്ഘാടനം ചെയ്യാനിരുന്നപ്പോഴാണ് ദിലീപിനെ ആദ്യമായി കാണുന്നത്. വീട്ടിൽ പോയിരുന്നു. അവിടെ കാവ്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും മെഹബൂബ് വെളിപ്പെടുത്തി.
ആ വിഐപി താനല്ലെന്ന് തനിക്ക് ഉറപ്പിച്ചുപറയാൻ പറ്റും. ബാക്കി അന്വേഷണത്തിൽ കണ്ടുപിടിക്കട്ടെ. ദിലീപുമായി നല്ല ബന്ധമുണ്ട്. ബിസിനസ് പാർട്ണർമാരാണ്. ഖത്തറിലെ ദേപുട്ട് റെസ്റ്റോറന്റിന്റെ നാല് പാർട്ണർമാരിൽ ഒരാളാണ് താൻ. മറ്റുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ല. ദിലീപിന് ഡാറ്റകൾ കൈമാറിയെന്നും അത് കോട്ടയത്തുള്ള ആളാണ്, ഹോട്ടൽ വ്യവസായിയാണ് എന്നൊക്കെയാണ് പറയുന്നത്. അതിനെക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും മെഹബൂബ് വ്യക്തമാക്കി.
''ഇക്ക എന്നായിരുന്നു ദിലീപ് വിളിച്ചത്; പെന്‍ഡ്രൈവ് കൊടുക്കാനുള്ള ബന്ധം ഞങ്ങള്‍ തമ്മിലില്ല''
''ഉദ്ഘാടനത്തിനു കണ്ട ശേഷം ഒരു പ്രാവശ്യം വീട്ടിൽ പോയി ഇടപാടിനെക്കുറിച്ച് സംസാരിക്കാൻ പോയതല്ലാതെ വേറെ കണ്ടിട്ടൊന്നുമില്ല. തൃശൂരിലുള്ള മുഷ്താഖും കോഴിക്കോട്ടിൽനിന്നുള്ള ലിജേഷുമാണ് കൂടെയുണ്ടായിരുന്നത്. 2017ൽ ദിലീപിനെ കണ്ടിട്ടുമില്ല, അദ്ദേഹവുമായി ഒരു ബന്ധവുമില്ല. ബാലചന്ദ്രകുമാറിനെ തന്നെ എനിക്ക് അറിയില്ല. ദേ പുട്ട് ഖത്തറിലെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ദുബൈയിൽ നേരത്തെ പ്ലാൻ ചെയ്തിരുന്നു. അതിന്റെ ഭാഗമാകാനായില്ല. ആ സമയത്താണ് പ്രശ്‌നങ്ങളുണ്ടായത്. അതോടെ പിന്മാറുകയായിരുന്നു. മൂന്നു വർഷം മുൻപ് ദേ പുട്ട് ഖത്തറിൽ ഉദ്ഘാടനം ചെയ്യാനിരുന്നപ്പോഴാണ് ദിലീപിനെ ആദ്യമായി കാണുന്നത്. വീട്ടിൽ പോയിരുന്നു. അവിടെ കാവ്യയും ഒരു കുട്ടിയുമുണ്ടായിരുന്നു. ചായ കുടിക്കുകയും ബിസിനസ് കാര്യങ്ങൾ സംസാരിക്കുകയും മാത്രമാണ് ചെയ്തത്.''- വ്യവസായി പറഞ്ഞു.
അരമണിക്കൂര്‍ നേരമേ കൂടിക്കാഴ്ചയുണ്ടായുള്ളൂ. ഇങ്ങനെ ബിസിനസില്‍ ഭാഗമാകാനുള്ള ആഗ്രഹം പറഞ്ഞു. അപ്പോള്‍ ആലോചിക്കാമെന്നു മാത്രമാണ് ദിലീപ് പറഞ്ഞത്. ദിലീപിനെക്കുറിച്ച് മോശമായ തരത്തിലുള്ള ഒന്നും തോന്നിയിട്ടില്ല. പുതിയ ആരോപണങ്ങള്‍ പൊലീസും നിയമപാലകരും തെളിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. മന്ത്രിമാരുമായും അടുപ്പമില്ലെന്നും മെഹബൂബ് പറഞ്ഞു.
''ദിലീപ് എന്റെ ആരുമല്ല. ഞാൻ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അതിന്റെ ലാഭമൊന്നും കിട്ടിയിട്ടുമില്ല. മുടക്കുമുതലിനുള്ള ലാഭം കിട്ടിയിട്ടില്ല. ചുരുങ്ങിയ കാലംകൊണ്ടുള്ള ബന്ധമാണ് ദിലീപുമായുള്ളത്. അതിനിടയിൽ മോശമായി ഒന്നും തോന്നിയിട്ടില്ല. ഉദ്ഘാടനസമയത്ത് എന്‍റെ ഭാര്യ, മക്കൾ, മരുമകൾ, അമ്മ തുടങ്ങിയവരെല്ലാമുണ്ടായിരുന്നു. ഇക്ക എന്നാണ് ദിലീപ് വിളിക്കാറുള്ളത്. എന്നാല്‍, പെന്‍ഡ്രൈവ് കൊടുക്കാനുള്ള ബന്ധമൊന്നും ഞങ്ങള്‍ തമ്മിലില്ല. പെന്‍ഡ്രൈവ് കൊടുത്തിട്ടുമില്ല. മറ്റു പ്രൊജക്ടുകളുമായും വ്യക്തിപരമായ കാര്യങ്ങളുമായും ബന്ധമില്ല. ദിലീപിന്റെ സഹോദരനെ കണ്ടിട്ടുപോലുമില്ല.''
അന്വേഷണവുമായി സഹകരിക്കും. സത്യസന്ധമായ കാര്യങ്ങള്‍ പറയും. എല്ലാ പരിശോധനയ്ക്കും തയാറാണ്. നുണപരിശോധനയ്ക്കും തയാറാണെന്നും മെഹബൂബ് അറിയിച്ചു.
നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയ വിഐപിയെ ബാലചന്ദ്രകുമാർ തിരിച്ചറിഞ്ഞ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇയാളുടെ ഫോട്ടോ ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. ദിലീപിന്റെ അടുത്ത സുഹൃത്തായ വ്യവസായിയാണിയാളെന്നാണ് വിവരം. ദൃശ്യങ്ങൾ നൽകിയതിന്റെ തൊട്ടടുത്ത ദിവസം ഇയാൾ വിമാനയാത്ര നടത്തിയതിന്റെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
അതേസമയം, നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരായ ഗൂഢാലോചന കേസിലും ദിലീപിനെ ഉടൻ ചോദ്യം ചെയ്യും. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കേസിൽ പൾസർ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. 20നാണ് തുടരന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കേണ്ടത്.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ കോടതിക്ക് കൈമാറണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിൻറെ കൈവശമുണ്ടെന്നും ഹരജിയിൽ ദിലീപ് വ്യക്തമാക്കി. അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചയാണ് പരിഗണിക്കുക.