'രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി'; പൂർണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കളംമാറുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന

Update: 2021-06-18 07:58 GMT
Editor : abs | By : Web Desk
Advertising

ന്യൂഡൽഹി: രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

'ഉമ്മൻചാണ്ടിയും ഞാനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ കാരണങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. ഉമ്മൻചാണ്ടിയെ അദ്ദേഹം ഇന്ന് വൈകുന്നേരം തന്നെ രാഹുൽ വിളിക്കും. ഞാനും ഉമ്മൻചാണ്ടിയും കോൺഗ്രസ് നേതൃത്വത്തോട് ചേർന്നു നിന്നവരാണ്. കോൺഗ്രസിന്റെ നന്മയ്ക്കു വേണ്ടി സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും ഞങ്ങൾ അംഗീകരിക്കും. പുതിയ കെപിസിസി പ്രസിഡണ്ടിനും പുതിയ പ്രതിപക്ഷ നേതാവിനും സമ്പൂർണ പിന്തുണ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്' - രമേശ് പറഞ്ഞു.

ഐഐസിസി ജനറൽ സെക്രട്ടറിയാകുമോ എന്ന ചോദ്യത്തിന് അതൊന്നും ചോദിച്ചിട്ടില്ല, ഒരു സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി. എന്നോട് ഒരു നെഗറ്റീവ് താത്പര്യവും രാഹുലിനില്ല. കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണ്. എന്റെ ഒന്നാമത്തെ താവളം കേരളമാണ്, പാർട്ടി എന്തു പറഞ്ഞാലും അംഗീകരിക്കും' - അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശീയ രാഷ്ട്രീയത്തിലേക്ക്

രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക് കളംമാറുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയാകുമെന്നാണ് റിപ്പോർട്ടുകൾ. കെ സുധാകരൻ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുൽ ഡൽഹിയിലേക്ക് വിളിപ്പിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെയാണ് ഹൈക്കമാൻഡ് കേരളത്തിലെ നേതൃത്വത്തിൽ സമൂല അഴിച്ചുപണി നടത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റി പകരം വിഡി സതീശനാണ് നേതൃത്വം ചുമതല നൽകിയത്. ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കാതെ കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കുകയും ചെയ്തിരുന്നു.

ഹൈക്കമാൻറിൻറെ തീരുമാനങ്ങളിൽ ചെന്നിത്തല അതൃപ്തനാണ് എന്നായിരുന്നു റിപ്പോർട്ടുകൾ. കെഎസ്യു നേതാവായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ എത്തിയ ചെന്നിത്തല നേരത്തെ ദേശീയ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. എൻഎസ്യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ദേശീയ അധ്യക്ഷനായിരുന്നു.

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News