'എനിക്കറിയാവുന്ന ശിവശങ്കറിനെയല്ല എൻ.ഐ.എയ്ക്കു മുന്നിൽ കണ്ടത്': മീഡിയവണിനോട് സ്വപ്‌ന സുരേഷ്
തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു
തനിക്കറിയാവുന്ന ശിവശങ്കറിനെയല്ല എൻഐ.എയ്ക്കു മുന്നിൽ കണ്ടതെന്ന് സ്വപ്‌ന സുരേഷ് മീഡിയവണിനോട്. ശിവശങ്കറിന്റെ ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്വപ്‌ന സുരേഷ്.ശിവശങ്കറിന് തന്നെ അറിയില്ലെന്ന് പറഞ്ഞപ്പോൾ രണ്ട് മുഖമുള്ള ആളെന്ന് തോന്നി, കോൺസുൽ ജനറൽ ശിവശങ്കറിന് സമ്മാനങ്ങൾ നൽകിയിട്ടുണ്ട്, ശിവശങ്കർ തിരിച്ചും സഹായിച്ചിട്ടുണ്ട്, എല്ലാ കാര്യങ്ങളും ശിവശങ്കറിനോട് സംസാരിക്കാറുണ്ടായിരുന്നു, സ്വപ്‌ന സുരേഷ് വ്യക്തമാക്കി.
ജനങ്ങൾക്ക് തന്നെ കുറിച്ചുള്ള ധാരണ മാറ്റാനല്ല മാധ്യമങ്ങളെ കണ്ടതെന്നും ശിവശങ്കറിന്റെ പുസ്തകത്തിന് മറുപടി നൽകാൻ വേണ്ടി മാത്രമാണ് മാധ്യമങ്ങൾക്കു മുന്നിലെത്തിയതെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. ഐ ഫോൺ വാങ്ങി ചതിക്കപ്പെട്ടു എന്ന് പറഞ്ഞാൽ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോയെന്നും സ്വപ്ന ചോദിച്ചു. സർക്കാരിനെ കുറിച്ച് സംസാരിക്കാൻ താൻ മാധ്യമങ്ങളെ കണ്ടിട്ടില്ല, തന്നെ ആരെങ്കിലും സഹായിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു, ഈ പുസ്തകം ഇറങ്ങിയതോടെ അതും ഇല്ലാതായി, നിയന്ത്രണങ്ങൾക്ക് നടുവിൽ ജീവിക്കുന്ന താൻ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്‌ന മീഡിയവണിനോട് പറഞ്ഞു.
തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ടെന്നും ഐടി വകുപ്പിൽ ജോലി വാങ്ങിത്തന്നത് അദ്ദേഹമായിരുന്നുവെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലുണ്ടായത്. ശിവശങ്കർ തനിക്ക് കുടുംബാംഗത്തെ പോലെയായിരുന്നുവെന്നും സ്വപ്ന പറയുന്നു. 'സ്വപ്ന സുരേഷ് അല്ല ലൈഫ് മിഷൻ പദ്ധതി ചെയ്യുന്നത്. കേരളത്തിലെ യുഎഇ കോൺസുൽ ജനറൽ ശിവശങ്കറുമായി ചർച്ച ചെയ്താണ് കാര്യങ്ങൾ ചെയ്യുന്നത്. ഞാൻ കോൺസുൽ ജനറലിന്റെ സെക്രട്ടറിയായിരുന്നു. അദ്ദേഹമാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെ കുറിച്ച് അറിയാമായിരിക്കില്ല. ഞങ്ങളുടെ പോയിന്റ് ഓഫ് കോൺടാക്ട് ശിവശങ്കർ ആയിരുന്നു. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ അത് അവർ പറഞ്ഞു തരേണ്ടതായിരുന്നു. ഒരു ഐ ഫോൺ കൊടുത്ത് ലൈഫ് മിഷൻ പ്രോജക്ടിനെ ചതിക്കേണ്ട ആവശ്യം സ്വപ്ന സുരേഷിനില്ല.' - സ്വപ്ന കൂട്ടിച്ചേർത്തു.