''സാർ വിളിയും സല്യൂട്ടും എന്നോടു വേണ്ട''; ചീഫ് സെക്രട്ടറിക്ക് കത്തെഴുതി ടിഎൻ പ്രതാപൻ എംപി

എംപിമാരെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വർധിച്ചുവരുന്നതിൽ അതിയായ ഖേദമുണ്ടെന്നും പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടി

Update: 2021-09-17 17:34 GMT
Editor : Shaheer | By : Web Desk
Advertising

സല്യൂട്ട് വിവാദത്തിൽ പ്രതികരണവുമായി ടിഎൻ പ്രതാപൻ എംപി. സല്യൂട്ടും 'സാർ' വിളിച്ചുള്ള അഭിവാദ്യവും തനിക്കു വേണ്ടെന്ന് പ്രതാപൻ വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതാപൻ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്തെഴുതി.

കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും തനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയാണ്. അതുപോലെ പൊലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എന്നെ 'സാർ' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണമെന്ന് താൽപര്യപ്പെടുകയാണെന്നും കത്തിൽ പ്രതാപൻ ആവശ്യപ്പെട്ടു. എംഎൽഎ ആയിരുന്ന കാലത്തും ഇപ്പോൾ എംപി ആയിരിക്കുമ്പോഴും പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രോട്ടോക്കോൾ പ്രകാരം എംപി ഒരുപക്ഷെ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും മുകളിലായിരിക്കും. എന്നാൽ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധി മാത്രമാണ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ. അഞ്ചോ ആറോ വർഷം കൂടുമ്പോൾ മാറുന്നവരാണ് എല്ലാ ജനപ്രതിനിധികളും. അതുകൊണ്ടുതന്നെയായിരിക്കണം കേരള പൊലീസ് മാന്വലിൽ സല്യൂട്ടിന് അർഹരായവരുടെ പട്ടികയിൽ എംപിമാർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതെന്ന് മനസ്സിലാക്കുന്നു. എന്നിരുന്നാലും എംപിമാരെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വർധിച്ചുവരുന്നതിൽ അതിയായ ഖേദമുണ്ടെന്നും പ്രതാപൻ കത്തിൽ ചൂണ്ടിക്കാട്ടി.

കത്തിന്റെ പൂർണരൂപം വായിക്കാം:

ഞാൻ ഇങ്ങനെ ഈ കത്തെഴുതുന്നതിന് കാരണമായിട്ടുള്ളത് കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലുണ്ടായ ''സല്യൂട്ട്'' വിവാദങ്ങളാണ്. ഒരു പാർലമെന്റ് അംഗമെന്ന നിലയിൽ ഈ വിഷയത്തിൽ എനിക്ക് അങ്ങയോട് ഒരു അഭ്യർത്ഥനയുണ്ട്. കേരളത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനും എനിക്ക് സല്യൂട്ട് ചെയ്തുകൊണ്ട് അഭിവാദ്യം അറിയിക്കുന്ന രീതി ഉണ്ടാകരുതെന്ന് ആഗ്രഹിക്കുകയാണ്. അതുപോലെ പൊലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റു സർക്കാർ ഉദ്യോഗസ്ഥരും എന്നെ ''സാർ'' എന്ന് അഭിവാദ്യം ചെയ്യുന്നതും ഒഴിവാക്കണമെന്ന് ഇതിനാൽ താൽപര്യപ്പെടുന്നു.

പ്രോട്ടോകോൾ പ്രകാരം എംപി എന്നത് ഒരുപക്ഷെ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും മുകളിലായിരിക്കും. എന്നാൽ ജനങ്ങൾ തെരഞ്ഞെടുത്ത അവരുടെ ഒരു പ്രതിനിധി മാത്രമാണ് എംപി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ. അഞ്ചോ ആറോ വർഷം കൂടുമ്പോൾ മാറുന്നവരാണ് ഞാൻ ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളും. മറ്റുള്ള ഉദ്യോഗസ്ഥർ അങ്ങനെയല്ലല്ലോ. അതുകൊണ്ടുതന്നെയായിരിക്കണം കേരള പൊലീസ് മാന്വലിൽ സല്യൂട്ടിന് അർഹരായവരുടെ പട്ടികയിൽ എംപിമാർ ഉൾപ്പെടെയുള്ളവരെ ഒഴിവാക്കിയതെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നിരുന്നാലും എംപിമാരെ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകി ആദരിക്കുന്നത് കാണുന്നുണ്ട്. ഇത് ഒരു അവകാശവും അധികാരവുമായി കാണുന്ന പ്രവണത വർധിച്ചുവരുന്നതിൽ അതിയായ ഖേദമുണ്ട്.

എന്നാൽ ''സല്യൂട്ട്'', ''സാർ'' വിളി തുടങ്ങിയവ കൊളോണിയൽ ശീലങ്ങളുടെ തുടർച്ചയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമ്മൾ പോലുമറിയാതെ നമ്മളത് ശീലമാക്കിയിരിക്കുന്നു. ഉദ്യോഗസ്ഥർക്കിടയിൽ അത്തരം അഭിവാദ്യങ്ങളുണ്ടാകുന്നത് നമുക്ക് മനസ്സിലാക്കാം. എന്നാൽ ജനപ്രതിനിധികളെ അങ്ങനെ അഭിവാദ്യം ചെയ്യുന്നത് ശരിയല്ലെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണല്ലോ? ജനങ്ങൾ എന്ന് പറഞ്ഞാൽ എല്ലാവരും ഉൾപ്പെടും. തങ്ങൾ തെരഞ്ഞെടുത്ത വ്യക്തിയെ തങ്ങൾ തന്നെ ''സല്യൂട്ട്'' ചെയ്യുന്നതും ''സാർ'' എന്നുവിളിക്കുന്നതും ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് വിരുദ്ധവുമാണ്.

എംഎൽഎ ആയിരുന്ന കാലത്തും ഇപ്പോൾ എംപി ആയിരിക്കുമ്പോഴും ഞാൻ പല വേദികളിലും പരസ്യമായി ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഇതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്യാറുണ്ട്. എന്നാൽ ഇപ്പോൾ ''സല്യൂട്ട്'', ''സാർ'' വിളികൾ വലിയ വിവാദമായിക്കൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത്തരമൊരു കത്ത് എഴുതേണ്ടി വന്നത്.

മറ്റുള്ള ജനപ്രതിനിധികൾക്ക് ഇക്കാര്യത്തിൽ എന്താണ് അഭിപ്രായമെന്ന് എനിക്കറിയില്ല. എന്നാൽ എനിക്ക് ഇക്കാര്യത്തിൽ ഒരു നിലപാടും താങ്കളോട് അത് സംബന്ധിച്ച ഒരു അഭ്യർത്ഥനയുമുണ്ട്. ഞാൻ മേൽ സൂചിപ്പിച്ചതുപോലെ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥരോടും മറ്റു സർക്കാർ ഉദ്യോഗസ്ഥരോടും ഇനിമുതൽ ടിഎൻ പ്രതാപൻ എംപിക്ക് ''സല്യൂട്ട്'' കൊണ്ടുള്ള അഭിവാദ്യമോ ''സാർ'' വിളിയോ നൽകേണ്ടതില്ലെന്ന് നിർദ്ദേശം കൊടുക്കണം. പകരം എംപി എന്നോ, അല്ലെങ്കിൽ എന്റെ പേരോ, അതുമല്ലെങ്കിൽ സാധാരണ ജനങ്ങൾ പരസ്പരം അഭിവാദ്യം ചെയ്യുന്ന ഏതെങ്കിലും രീതിയിലോ എന്നെയും അവർക്ക് അഭിവാദ്യം ചെയ്യാവുന്നതാണ്.

ഉചിതമായ തീരുമാനവും നടപടിയും ഉണ്ടാക്കുമെന്ന പ്രതീക്ഷയിൽ..

വിശ്വസ്തതയോടെ

ടിഎൻ പ്രതാപൻ എം പി

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News