ട്രോൾ ഇടുന്നവർ അല്ലല്ലോ കാര്യങ്ങൾ തീരുമാനിക്കുന്നത്,ഇനിയും ട്രോളുകൾ വരട്ടെ: വി.ശിവൻകുട്ടി

ട്രോളുകളിൽ സന്തോഷമുണ്ടെന്നും ട്രോളുകൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നും മന്ത്രി

Update: 2023-03-22 07:44 GMT
Advertising

തിരുവനന്തപുരം: തനിക്കെതിരായ ട്രോളുകളിൽ വലിയ സന്തോഷമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ട്രോൾ ഇടുന്നവർ അല്ല കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ട്രോൾ നന്നായി ആസ്വദിക്കുന്നുണ്ടെന്നും ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

"തനിക്കെതിരായ ട്രോളുകളിൽ വലിയ സന്തോഷമുണ്ട്. ഇനിയും ട്രോളുകൾ വരട്ടെ. ട്രോൾ ഇടുന്നവർ അല്ലല്ലോ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇതൊക്കെ നന്നായി ആസ്വദിക്കുന്നുണ്ട്. സ്പീക്കർക്ക് സഭയെ കാണാൻ കഴിയാത്ത തരത്തിലായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം. അതിനെതിരെയാണ് താൻ പറഞ്ഞത്. മുമ്പ് എന്തൊക്കെയോ സംഭവിച്ചെന്ന് കരുതി ഒന്നും പറയാൻ കഴിയില്ലെന്നാണോ? ലോകം അവസാനിച്ചിട്ടൊന്നുമില്ലല്ലോ". ശിവൻകുട്ടി പറഞ്ഞു.

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് വി.ശിവൻകുട്ടി നടത്തിയ പ്രസ്താവനയാണ് ട്രോളന്മാർ ഏറ്റെടുത്തത്. തങ്ങളും സഭയിൽ പ്രതിഷേധിച്ചിട്ടുണ്ടെന്നും ഇപ്പോൾ പ്രതിപക്ഷം നടത്തുന്നത് പോലുള്ള പ്രതിഷേധങ്ങൾ സഭയിലുണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രതിപക്ഷത്തിരുന്നപ്പോൾ ശിവൻകുട്ടി നടത്തിയ പ്രതിഷേധപ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ട്രോളുകൾ അധികവും. മന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് നിരവധി രാഷ്ട്രീയ പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

അതേസമയം പാറ്റൂർ ലൈംഗികാതിക്രമക്കേസിൽ പ്രതിയെ പിടികൂടാൻ കഴിയാത്തതിൽ ഇരയായ സ്ത്രീക്ക് ആക്ഷേപം ഇല്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞു. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News