ഇടമലയാര്‍, പമ്പ ഡാമുകള്‍ തുറന്നു; പെരിയാര്‍, പമ്പ തീരങ്ങളില്‍ ജാഗ്രത

പത്തനംതിട്ടയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് ഉയരും

Update: 2021-10-19 02:29 GMT
Advertising

ഇടമലയാർ ഡാം തുറന്നതോടെ പെരിയാറിന്‍റെ തീരത്തുള്ളവർ ജാഗ്രതയിൽ. മുൻകരുതലിന്‍റെ ഭാഗമായി പ്രത്യേക സജജീകരണങ്ങളാണ് എറണാകുളം ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ദുരന്ത നിവാരണ സേനക്കൊപ്പം പൊലീസിന്‍റെ നേതൃത്വത്തിൽ എമർജൻസി റെസ്പോൺസ് ടീമും തയ്യാറായിട്ടുണ്ട്.

മണ്ണിടിച്ചില്‍ സാധ്യത മുന്നില്‍ കണ്ട് കുട്ടമ്പുഴ, കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിലും പ്രത്യേക ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. കോതമംഗലം, ആലുവ, പറവൂർ താലൂക്കുകളിലെ വെള്ളപ്പൊക്ക സാധ്യതാ പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാംപുകളും തയ്യാറാക്കിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയിലെ പമ്പ ഡാം കൂടി തുറന്നു. അഞ്ച് മുതല് ആറ് മണിക്കൂറുകൾക്കുള്ളിൽ പമ്പാ ത്രിവേണിയിലേക്ക് ജലമെത്തും. ജില്ലയിലെ നാല് ഡാമുകളും തുറന്നതോടെ പമ്പാ നദിയിലെ ജലനിരപ്പ് 30 സെ.മി ആയി ഉയരും. ജില്ലയില്‍ മഴയ്ക്ക് ശമനമുണ്ടായാല്‍ അണക്കെട്ടുകളില്‍ നിന്നും ജലമൊഴുക്കുന്നത് തുടരും. ജില്ലയിലെ 141 ക്യാമ്പുകളിലായി 1763 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. അപ്പര്‍ കുട്ടനാട്ടിലെ പലയിടങ്ങളിലും വെള്ളപ്പൊക്കം തുടരുകയാണ്.

ഇടുക്കി ഡാം ഇന്ന് തുറക്കും

മൂന്ന് വർഷത്തിന് ശേഷം വീണ്ടും തുറക്കുകയാണ് ഇടുക്കി അണക്കെട്ട്. ഡാമിനുള്ളത് അഞ്ച് ഷട്ടറുകൾ. അവയിൽ മധ്യത്തിലെ മൂന്ന് ഷട്ടറുകളാണ് 11 മണിക്ക് തുറക്കുക. ഒരു സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം സ്പിൽവേയിലൂടെ പുറത്തെത്തും. ജലനിരപ്പ് 2395 അടിയിലോ 2396 അടിയിലോ നിയന്ത്രിക്കുകയാണ് ലക്ഷ്യം. മുന്‍കാല അനുഭവത്തിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഡാം തുറക്കാൻ അടിയന്തര തീരുമാനമെടുത്തതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

അണക്കെട്ട് തുറക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥലത്ത് ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ വിലയിരുത്തും. അഞ്ച് വില്ലേജുകളിലുള്ള 64 കുടുംബങ്ങൾക്ക് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം. ഏറ്റവുമധികം ക്യാമ്പുകൾ ഇടുക്കി വില്ലേജിലാണ്. ഫയര്‍ ഫോഴ്സ്, പൊലീസ്, റവന്യു വകുപ്പുകൾ ഏത് സാഹചര്യവും നേരിടാൻ തയ്യാർ. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി ഡാം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.

വെള്ളം ഒഴുകി വരുന്ന പ്രദേശത്തുള്ളവർക്ക് കനത്ത ജാഗ്രതാ നിർദേശം നൽകി. പെരിയാറിന്റെ തീരത്തേക്കിറങ്ങരുത്. അറബിക്കടലിൽ വെള്ളമെത്തുന്നതോടെ തിരമാല ശക്തമാകുമെന്നതിനാൽ കടൽ തീരത്തും ജാഗ്രത വേണം. ഡാം തുറന്നാലുണ്ടാകുന്ന കുത്തൊഴുക്കിൽ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. പുഴകളില്‍ മീന്‍ പിടിത്തവും പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ പകർത്തൽ, സെല്‍ഫി, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചു. വെള്ളം കടന്നുപോകുന്ന മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണവും ഏർപ്പെടുത്തി. മാധ്യമങ്ങൾക്കും നിശ്ചിത സ്ഥാനത്ത് നിന്നാണ് വാർത്താ സംപ്രേഷണത്തിന് അനുമതി.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News