'ഇളയമകനെ വെറ്ററിനറി ഡോക്ടറാകണം, പശുവളർത്തല്‍ മികച്ച രീതിയിൽ കൊണ്ടു പോകണം'; സഹായങ്ങൾക്ക് നന്ദി പറഞ്ഞ് കുട്ടിക്കര്‍ഷകരുടെ അമ്മ

കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനായതിൻ്റെ സന്തോഷത്തിലാണ് ഷൈനിയും മക്കളും

Update: 2024-01-03 01:08 GMT
Editor : Lissy P | By : Web Desk
Advertising

ഇടുക്കി: ബാധ്യതകൾ തീർത്ത് മക്കളുടെ പഠനത്തിനൊപ്പം പശുവളർത്തലും മികച്ച രീതിയിൽ കൊണ്ടു പോകുമെന്ന് ഇടുക്കി വെള്ളിയാമറ്റത്തെ കുട്ടി കർഷകരുടെ അമ്മ. ലഭിച്ച സഹായങ്ങൾക്ക് നന്ദിയുണ്ടെന്നും മാത്യുവിന്റെ ആഗ്രഹം പോലെ വെറ്ററിനറി ഡോക്ടർ ആക്കാൻ ശ്രമിക്കുമെന്നും അമ്മ ഷൈനി മീഡിയവണിനോട് പറഞ്ഞു.

നിനച്ചിരിക്കാതെയുണ്ടായ ദുരന്തത്തിൽ ഇവർക്ക് നഷ്ടപ്പെട്ടത് 22 ൽ 13 പശുക്കളുടെ ജീവനായിരുന്നു. നാടൊന്നാകെ കൈകോർത്തപ്പോൾ കിട്ടിയത് ഇരട്ടിയിലധികം. ഇതോടെ കുട്ടിക്കർഷകരുടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചു. പ്ലസ് ടു കഴിഞ്ഞ ജോർജ് ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറെടുക്കുകയാണ്. പത്താം ക്ലാസുകാരനായ മാത്യുവിന് പഠിച്ച് വെറ്ററിനറി ഡോക്ടറാകണം. ഒമ്പതാം ക്ലാസുകാരി റോസ് മേരിക്കും പ്രതീക്ഷകളേറെയുണ്ട്. കൈവിട്ട് പോയ ജീവിതം തിരികെ പിടിക്കാനായതിൻ്റെ സന്തോഷത്തിലാണ് മാതാവ് ഷൈനി.

നടൻ ജയറാം, വ്യവസായി യൂസഫലി എന്നിവർ അഞ്ച് ലക്ഷം രൂപ വീതവും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകി. മമ്മൂട്ടിയുടെ ഒരു ലക്ഷം രൂപയും കുട്ടികൾക്ക് ലഭിക്കും. സർക്കാർ വകയായി അഞ്ച് പശുക്കൾ കേരള ലൈവ് സ്റ്റോക്ക് ഡവലപ്മെൻ്റ് ബോർഡിൽ നിന്ന് ഒരാഴ്ചക്കുള്ളിൽ വീട്ടിലെത്തും. പി.ജെ.ജോസഫ് എം.എൽ.എ സ്വന്തം ഫാമിൽ നിന്ന് ഒരു പശുവിനെ നൽകിയപ്പോൾ സി.പി.എം രണ്ട് പശുക്കളെയും കത്തോലിക്കാ കോൺഗ്രസ് ഒരു പശുവിനെയും നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഡീൻ കുര്യാക്കോസ് എം.പി ഇടുക്കി കെയർ പദ്ധതി വഴി ഇരുപതിനായിരം രൂപയും കൈമാറി. പാല ബ്രില്യൻറ്സ് കോളേജ് കുട്ടികൾക്ക് പഠന സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News