കാനത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം; ആവശ്യവുമായി ഇടുക്കി ജില്ലാ കമ്മിറ്റി അംഗങ്ങള്‍
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് സിപിഐ ഇടുക്കി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ഇന്ന് ഇടുക്കിയില്‍ ചേര്‍ന്ന യോഗത്തിലാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്.
സിപിഐ അഖിലേന്ത്യാ സെക്രട്ടറി ഡി.രാജയ്‌ക്കെതിരെ പരസ്യമായി കാനം രാജേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചതിനെതിരെയായിരുന്നു ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ വിമര്‍ശനം. പാര്‍ട്ടി അഖിലേന്ത്യാ സെക്രട്ടറി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്നും വേണ്ടിവന്നാല്‍ വിമര്‍ശിക്കുമെന്നും കാനം പറഞ്ഞത് പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടല്ലെന്ന് ജില്ലാ നേതാക്കള്‍ കുറ്റപ്പെടുത്തി.
മുന്‍പ് ഇതേ തരത്തില്‍ പാര്‍ട്ടി പത്രത്തിനെതിരെ പരസ്യ വിമര്‍ശനം നടത്തിയ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനെ സംസ്ഥാന കമ്മിറ്റി പരസ്യമായി ശാസിച്ചിരുന്നു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഘടകത്തിലാണു പറയേണ്ടതെന്നും പരസ്യ വിമര്‍ശനം പാടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ നടപടി.
അതേ തട്ടില്‍ വച്ച് അളന്നാല്‍ കാനം ചെയ്തതും ഇതേ കുറ്റം തന്നെയാണെന്നും സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി വേണമെന്നും ഇടുക്കി പൈനാവില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ആവശ്യം ഉയര്‍ന്നു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങുണ്ടെന്ന ആനി രാജയുടെ നിലപാടിനെ പിന്തുണച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജയുടെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. രാജ പറഞ്ഞത് ദേശീയ എക്‌സിക്യുട്ടീവിന്റെ അഭിപ്രായമല്ല. ആരായാലും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടണമെന്നും ജനറല്‍ സെക്രട്ടറി വിമര്‍ശിക്കപ്പെടുന്നത് സ്വാഭാവികമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു.