ഇടുക്കി ഡീലേഴ്സ് സഹകരണ ബാങ്ക് ക്രമക്കേട്: കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്
ഇടുക്കി ജില്ലാ ഡീലേഴ്സ് സഹകരണ ബാങ്കിലെ ക്രമക്കേടിൽ കോൺഗ്രസ് നേതാക്കൾക്ക് എതിരെ വിജിലൻസ് കേസെടുത്തു. മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ അടക്കം 13 പേർക്ക് എതിരെയാണ് കേസ്. ബാങ്കിൽ നിന്ന് 4.5 കോടി രൂപ തട്ടിപ്പ് നടന്നെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. 2021, 22 വർഷങ്ങളിൽ സ്വയം സഹായ സംഘങ്ങളുടെ പേരിൽ വ്യാജ രേഖ ചമച്ച് പണം പിൻവലിച്ചെന്നും വിജിലൻസ് കണ്ടെത്തി.
ഇല്ലാത്ത ആളുകളുടെ പേരിൽ ഗ്രൂപ്പ് നിക്ഷേപ പദ്ധതി തുടങ്ങി വ്യാജ ഒപ്പിട്ട് അഡ്വാൻസായി തുക കൈപ്പറ്റിയെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കോൺഗ്രസ് ഭരണ സമിതിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്തുള്ള ബാങ്കിൽ 36 കോടിയുടെ ക്രമക്കേട് നടന്നതായി ആരോപണമുയർന്നിരുന്നു. ബാങ്ക് സെക്രട്ടറി സസ്‌പെൻഷനിലാണ്. ക്രമക്കേടിൽ ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. ആരോപണത്തിന് പിന്നാലെ നാല് ഭരണ സമിതിയംഗങ്ങളും രാജിവെച്ചിരുന്നു. നിക്ഷേപകർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമര രംഗത്താണ്.
Idukki District Dealers Cooperative Bank Irregularity: Case Against Congress Leaders